സ്‌കൂളിലെ സാമ്പാര്‍ ചെമ്പില്‍ വീണ് യു.കെ.ജി വിദ്യാര്‍ത്ഥി മരിച്ചു

കര്‍ണൂല്‍: സ്‌കൂളിലെ സാമ്പാര്‍ ചെമ്പില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലാണ് ദാരുണസംഭവം. പാന്യം നഗരത്തിലെ സ്വകാര്യ വിദ്യാലയത്തിലെ യു.കെ.ജി വിദ്യാര്‍ത്ഥി പുരുഷോത്തം റെഡ്ഡിയാണ് മരണപ്പെട്ടത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് വിജയനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ മാനേജിങ് ഡയറക്ടറെയും കറസ്‌പോണ്ടന്റിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഒര്‍വാകാല്‍ മണ്ഡലത്തിലെ തിപ്പായിപള്ളി നിവാസിയാണ് മരണപ്പെട്ട കുട്ടി. ബുധനാഴ്ച ഉച്ചക്കാണ് അപകടമുണ്ടായത്. ഓടുന്നതിനിടെ ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയ സാമ്പാര്‍ പാത്രത്തിലേക്ക് കാല്‍ തെറ്റി വീഴുകയായിരുന്നു. ഉടന്‍ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭക്ഷണത്തിനായി കുട്ടികളെ വരിയായി കൊണ്ടുപോകുന്നതിനിടെ പുരുഷോത്തം വരിതെറ്റിച്ച് ഓടിയതാണ് അപകടത്തിന് കാരണമായതെന്നാണ് സ്‌ക്കൂള്‍ അധികൃതരുടെ വിശദീകരണം. മാനേജിംഗ് ഡയറക്ടര്‍ വിജയ് കുമാര്‍ റെഡ്ഡി, കറസ്‌പോണ്ടന്റ് നാഗ മല്ലേശ്വര്‍ റെഡ്ഡി എന്നിവരെയാണ് നരഹത്യക്ക് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അധികൃതരുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് പൊലീസ് പറയുന്നത്. ഉച്ചഭക്ഷണത്തിനായി മണി മുഴങ്ങിയ ഉടന്‍ കുട്ടികള്‍ ഡൈനിംഗ് ഹാളിലേക്ക് ഓടിക്കയറി. അവിടെ ചൂടുള്ള പാത്രങ്ങളെല്ലാം നിലത്തു വെച്ചിരിക്കുകയായിരുന്നെന്നും പുരഷോത്തം കാല്‍ വഴുതി പാത്രത്തില്‍ വീഴുകയായിരുന്നുവെന്നും സി.ഐ പറഞ്ഞു.
കുട്ടി വീഴുമ്പോള്‍ സമീപത്ത് മുതിര്‍ന്നവരാരും ഉണ്ടായിരുന്നില്ലെന്നും മറ്റ് കുട്ടികളുടെ നിലവിളി കേട്ടാണ് മുതിര്‍ന്നവര്‍ ഓടിയെത്തിയതെന്നും അത് വലിയ വീഴ്ചയാണെന്നും പൊലീസ് പറഞ്ഞു. ഇന്നലെ സ്‌കൂളിന് പുറത്ത് പ്രതിഷേധംശക്തമായിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കണമെന്ന് നിരവധി വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.

SHARE