ചൈന-നേപ്പാള്‍ പ്രകോപനം അതിര്‍ത്തിയില്‍ പുതിയ വെല്ലുവിളി

കെ. മൊയ്തീന്‍കോയ

അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ചും നേപ്പാളിനെ ഇളക്കിവിട്ടും ചൈന ഇന്ത്യക്ക് തലവേദനയുണ്ടാക്കുന്നു. കോവിഡ് ലോകമാകെ ദുരന്തം സൃഷ്ടിക്കുന്നതിനിടെ അതിര്‍ത്തി പ്രദേശത്തെ സംഘര്‍ഷഭൂമിയാക്കുന്നതിലാണ് ചൈനയുടെ കുതന്ത്രം. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈനികര്‍ നടത്തുന്ന പതിവ് റോന്തുചുറ്റലിന് ചൈന തടസ്സം ഉണ്ടാക്കുന്നുണ്ട്. അതിര്‍ത്തിയില്‍ നമ്മുടെ ഭാഗത്ത് റോന്ത് ചുറ്റുവാന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് അവകാശം ഉള്ളതാണെങ്കിലും ചൈന അംഗീകരിക്കുന്നില്ല. ദക്ഷിണ- മധേഷ്യന്‍ ചുമതല വഹിക്കുന്ന അമേരിക്കയുടെ നയതന്ത്രജ്ഞ ആലീസ് ജി.വെല്‍സ് തര്‍ക്കത്തില്‍ അഭിപ്രായപ്രകടനം നടത്തിയതു ചൈനക്ക് ഇഷ്ടായില്ല. തുടര്‍ച്ചയായി കയ്യേറ്റം നടത്തി അതിര്‍ത്തിയില്‍ മാറ്റം വരുത്താനാണ് ശ്രമിക്കുന്നതെന്ന അമേരിക്കയുടെ അഭിപ്രായം രാഷ്ട്രാന്തരീയ തലത്തില്‍ ചൈനക്ക് തിരിച്ചടിയായി.

ചൈന പ്രകോപനം സൃഷടിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയാന്‍ ഇനിയും തയാറായിട്ടില്ല. കിഴക്കന്‍ ലഡാക്കിലെ സൂ തടാകത്തിന് സമീപം മെയ് അഞ്ചിന് സംഘര്‍ഷം സൃഷ്ടിച്ചു. ഒമ്പതിന്നാകട്ടെ വടക്കന്‍ സിക്കിമിന് സമീപം കുഴപ്പത്തിന് മുന്നോട്ട് വന്നു. സൈനിക വിന്യാസം നടത്തുന്നുമുണ്ട്. 1962-ല്‍ യുദ്ധത്തിന് മുന്‍പ് ഇവിടങ്ങളില്‍ ചൈന വിന്യാസം നടത്തിയിരുന്നുവത്രെ. സംഘര്‍ഷം ഒഴിവാക്കാന്‍ ഇന്ത്യ പല തവണ ശ്രമിച്ചതാണ്. പക്ഷെ, അവര്‍ പിറകോട്ടില്ല. നേപ്പാളിന്റെ വിവാദ ഭൂപടത്തിന് പിന്നിലും ചൈനീസ് കരങ്ങളുണ്ട്. ഇന്ത്യാ- നേപ്പാള്‍ അതിര്‍ത്തിയില്‍ കാളിനദിക്ക് കിഴക്ക് കാലാപാനി പ്രദേശം നേപ്പാളിന്റെ ഭാഗമാക്കിയുള്ള മാപ്പ് നേപ്പാളി മന്ത്രിസഭ അംഗീകരിച്ചു കഴിഞ്ഞു. പാര്‍ലമെന്റ് ഉടന്‍ പാസാക്കുമെന്നാണ് പ്രധാനമന്ത്രി ഖഡ്ഗപ്രസാദ് ശര്‍മ്മ ഒലി ശഠിക്കുന്നത്. കടുത്ത ചൈനീസ് പക്ഷക്കാരനാണ് ഒലി.

നേപ്പാളും ഇന്ത്യയും 1800 കിലോമീറ്റര്‍ അതിര്‍ത്തി പങ്കുവെക്കുന്നു. മെയ് 9 ന് ഇവിടെ കൈലാസ് മാനസരോവരം യാത്രക്കുള്ള റോഡ് നിര്‍മ്മാണം ആരംഭത്തോടെയാണ് നേപ്പാള്‍ കുഴപ്പം തുടങ്ങിയത്. ഇതിന് എതിരെ അടുത്ത ദിവസം തന്നെ നേപ്പാളി വിദേശമന്ത്രി പ്രദീപ് കുമാര്‍ ഗ്യാ ഖാലി രംഗത്ത് വരികയും ഇന്ത്യന്‍ അംബാസിഡര്‍ക്ക് പ്രതിഷേധ കത്ത് കൈമാറുകയും ചെയ്തു ഭരണമുന്നണിയായ നേപ്പാളി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യി ലെ പ്രതിസന്ധിയാണ് പുതിയ വിവാദത്തിന് പിന്നിലുള്ളതെന്ന വിമര്‍ശനവും ഉയര്‍ന്ന് കഴിഞ്ഞു. നേപ്പാളി പ്രധാനമന്ത്രി ഒലി സര്‍ക്കാറിനെ പിടിച്ച് നിര്‍ത്താന്‍ നടത്തുന്ന അഭ്യാസമാണ് പുതിയ വിവാദം എന്ന് എതിരാളികള്‍ കുറ്റപ്പെടുത്തുന്നു. പ്രധാനമന്ത്രി ഒലിയുടെ ചൈനീസ് കാര്‍ഡ് കമ്മ്യൂണിസ്റ്റ് സഖ്യ സര്‍ക്കാറിനെ നിലനിര്‍ത്തുവാനുള്ള തന്ത്രമാണെന്ന് അദ്ദേഹത്തിന്റെ നീക്കം തെളിയിച്ചു. മെയ് 7ന്ന് നടത്തുവാന്‍ നിശ്ചയിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ പ്രധാനമന്ത്രിക്കെതിരെ കടുത്ത നിലപാട് പഴയ മാവോയിസ്റ്റ് പക്ഷം സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചതായിരുന്നുവെങ്കിലും യോഗം അതിര്‍ത്തി മാപ്പ് വിവാദത്തെ തുടര്‍ന്ന് അനിശ്ചിതമായി മാറ്റി. അതിന് മുന്‍പ് നടന്ന യോഗത്തിലാണ് വിവാദമാപ്പ് വിഷയം പ്രധാനമന്ത്രി അവതരിപ്പിച്ചത്.

ഈ യോഗത്തില്‍ നേപ്പാളിലെ ചൈനീസ് അംബാസിഡര്‍ ഹു യാങ് കി സംബന്ധിച്ചിരുന്നതായി എതിര്‍ പക്ഷം കുറ്റപ്പെടുത്തുന്നു. 2017-ലെ തെരഞ്ഞെടുപ്പില്‍ കമ്മ്യൂ. പാര്‍ട്ടി ഓഫ് നേപ്പാള്‍ (യു.എം.എല്‍.), കമ്യൂ .പാര്‍ട്ടി ഓഫ് നേപ്പാള്‍ ( മാവോയിസ്റ്റ് സെര്‍) എന്നീ പാര്‍ട്ടികള്‍ സംയുക്തമായാണ് മത്സരിച്ചിരുന്നത്. നിലവിലെ യു.എം.എല്‍ നേതാവ് ഒലിയെ പ്രധാനമന്ത്രിയായി ഇരുപക്ഷവും അംഗീകരിച്ചു. ഫലം വന്നപ്പോള്‍ 275 അംഗ പാര്‍ലമെന്റില്‍ സഖ്യത്തിന് 174 സീറ്റ് ലഭിച്ചു. മത്സര രംഗത്ത് ഇരു പക്ഷവും 60:40.. എന്ന നിലയിലായിരുന്നുവെങ്കിലും ഫലം 70:30. എന്നാണ് സംഭവിച്ചത്. പഴയ കാല സായുധ പോരാളികളായ മാവോയിസ്റ്റ് പക്ഷം നിരാശരായെങ്കിലും തല്‍ക്കാലം അടങ്ങി. മാവോയിസ്റ്റ് നേതാവായ പ്രചണ്ഡ ക്ക് യാതൊരു പ്രാധാന്യവും ലഭിച്ചില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ 2017ല്‍ തന്നെ ഇരു പാര്‍ട്ടികളും ലയിച്ചു. കമ്യൂ.പാര്‍ട്ടി ഓഫ് നേപ്പാള്‍ ( സി.പി.എന്‍) എന്ന പേരില്‍ പുതിയ റജിസ്‌ട്രേഷന്‍ സ്വീകരിക്കുകയും ചെയ്തതുമാണ്. അവസരം കാത്തിരുന്ന പ്രചണ്ഡ ഇപ്പോള്‍ രംഗത്ത് വന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 2017ല്‍ തന്നെ പ്രചണ്ഡ ക്ക് പ്രതിപക്ഷം പ്രധാനമന്ത്രി സ്ഥാനം ഓഫര്‍ ചെയ്തിരുന്നുവെങ്കിലും സ്വീകരിച്ചില്ല.

പ്രചണ്ഡയുടെ പക്ഷത്ത് 53 എം.പി.മാരുണ്ട്. പ്രതിപക്ഷത്ത് ശക്തരായ നേപ്പാള്‍ കോണ്‍ഗ്രസ്സിന് പുറമെ 33 എം.പിമാരുടെ പിന്തുണയുള്ള ജനതാ സമാജ് വാദി പാര്‍ട്ടിയും സജീവം. പ്രചണ്ഡ പുറത്ത് കടന്നാല്‍ സര്‍ക്കാര്‍ താഴെ പോകും. പ്രാധാന മന്ത്രി ഒലി ചൈനീസ് കാര്‍ഡ് ഇറക്കിയത് അവസാന അടവ് എന്ന നിലയിലാണത്രെ.
നേപ്പാളി കോണ്‍ഗ്രസിന്റെ ഭരണ കുത്തക തകര്‍ത്താണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരം കയ്യടക്കിയത്. ഇരു കമ്യൂ.പാര്‍ട്ടികളേയും ഒന്നിപ്പിക്കാന്‍ ഇന്ത്യന്‍ കമ്മൂണിസ്റ്റ് പാര്‍ട്ടികള്‍ വലിയസഹായം നല്‍കി. കാണ്ഡ്മണ്ടുവില്‍ ചര്‍ച്ചക്ക് പോയ നേതാക്കള്‍ ഇന്ത്യയിലുണ്ട്. നേപ്പാളി പാര്‍ട്ടി ലയനം ആഘോഷമാക്കിയാണ് 2018 മെയ് 21ന് ദേശാഭിമാനി മുഖപ്രസംഗം എഴുതിയത് (ഇന്ത്യയില്‍ ഈ നിലയിലുള്ള ലയനത്തിന് ഇവര്‍ എതിരുമാണ്).

ലയനം പൂര്‍ത്തിയായി രണ്ട് വര്‍ഷമാകുമ്പോഴേക്കും വീണ്ടുമൊരു പിളര്‍പ്പിലേക്ക് ആണത്രെ നീക്കം. ഒലി- പ്രചണ്ഡ വിഭാഗങ്ങള്‍ വീണ്ടും രണ്ട് പാര്‍ട്ടികളായി മാറുന്നതോടെ നേപ്പാളി രാഷട്രീയം കീഴ്‌മേല്‍ മറിയും. അതേ സമയം നയതന്ത്ര രംഗത്ത് ഇന്ത്യയുടെ പരാജയമാണ് നേപ്പാള്‍ കൈവിട്ട് പോകാന്‍ കാരണം എന്നു വിലയിരുത്താം. എക്കാലവും ഇന്ത്യയോടൊപ്പം നിലകൊണ്ട നേപ്പാളി കോണ്‍ഗ്രസിന് ആവശ്യമായ പിന്തുണ നല്‍കുന്നതില്‍ സമീപ കാലം വലിയ ശുഷ്‌കാന്തി കാണിച്ചില്ല. അബദ്ധം തിരിച്ചറിഞ്ഞ ശേഷം അടവ് മാറ്റി ഒലി സര്‍ക്കാറിനെ താഴെയിറക്കാന്‍ ഇന്ത്യ നീക്കം നടത്തുന്നതായി നേപ്പാളി രാഷട്രീയ കേന്ദ്രങ്ങളില്‍ വിമര്‍ശനം സജീവം.

അയല്‍പക്ക രാഷ്ട്രങ്ങള്‍ പലതും ചൈനീന്പക്ഷക്കാരായി. മ്യാന്‍മര്‍, ശ്രീലങ്ക, തിബത്ത്, എന്നിവയും ചൈനീസ് പക്ഷത്തേക്ക് നീങ്ങിയിട്ടുണ്ട്. മാലദ്വീപ് മറുകണ്ടം ചാടിയതാണ്, അടുത്ത കാലത്ത്. ഭരണമാറ്റം നമുക്ക് അനുഗ്രഹമായി. ബംഗ്ലാദേശ് ശൈഖ് ഹസീന ഇന്ത്യന്‍ സൗഹൃദം ആഗ്രഹിക്കുന്നു. നേരത്തെ ഖാലിദസിയ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യയോട് അത്ര അടുപ്പം കാണിച്ചിരുന്നില്ല. പാക്കിസ്താന്‍ പിറവിയോടെ തന്നെ ശത്രുതയിലാണ്. മറ്റ്അയല്‍പക്ക രാജ്യങ്ങളുമായുള്ള സൗഹൃദത്തിന് മുന്തിയ പരിഗണന നല്‍കേണ്ടതാണ്. ചൈനയും നേപ്പാളും ഉയര്‍ത്തുന്ന വെല്ലുവിളി അവഗണിക്കേണ്ടതല്ല. ഗൗരവപൂര്‍വം കൈകാര്യം ചെയ്യാന്‍ വിദേശമന്ത്രാലയത്തിന് കഴിയണം. നയതന്ത്ര രംഗത്ത് കഴിഞ്ഞകാല അനുഭവം പാഠമാകണം.

SHARE