കൊറോണ വൈറസ്; രോഗലക്ഷണങ്ങളുള്ളവരെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ചൈന

കൊറോണ വൈറസ് രോഗലക്ഷണങ്ങളുള്ളവരെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ചൈന. വൈറസ് കൂടുതല്‍ ഇടങ്ങളിലേയ്ക്ക് പടരുന്നത് തടയാനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമാണിതെന്നാണ് ചൈനീസ് അധികൃതരുടെ വിശദീകരണം. ചൈനയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി ആദ്യ വിമാനം ഇന്നു രാത്രി തിരിക്കാനിരിക്കേയാണ് ചൈനയുടെ വിശദീകരണം.മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ രാജ്യത്ത് നാളെ തിരിച്ചെത്തുമെന്നാണ് വിവരം. എന്നാല്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ വിമാനത്താവളത്തില്‍ വെച്ച് തടയാനാണ് ചൈനയുടെ നീക്കമെന്നാണ് സൂചന.

എന്നാല്‍ ഡല്‍ഹിയിലെത്തുന്ന വിദ്യാര്‍ഥികളെ മൂന്ന് സംഘങ്ങളായി തിരിച്ചാണ് പരിഗണിക്കുക. വിമാനത്താവളത്തില്‍ സൈന്യത്തിന്റെ സഹകരണത്തോടെ നടത്തുന്ന ആദ്യഘട്ട പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേയ്ക്ക് മാറ്റുും ശേഷിക്കുന്നവരെ മനേസറിലെ സൈനിക കേന്ദ്രത്തിനോട് ചേര്‍ന്നുള്ള നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് അയയ്ക്കും. ഇവിടെ 14 ദിവസം നിരീക്ഷണത്തില്‍ വെച്ച ശേഷം മാത്രമേ ഇവരെ വീടുകളിലേയ്ക്ക് അയയ്ക്കൂ.

മലയാളികളടക്കമുള്ള വിദ്യാര്‍ഥികളാണ് നാളത്തെ എയര്‍ ഇന്ത്യ വിമാനത്തില്‍ മടങ്ങിയെത്തുന്നത്. വുഹാനില്‍ പഠിക്കുന്ന 600ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ മിക്കവരും ദക്ഷിണേന്ത്യന്‍ സംസ്ഥാനക്കാരാണ്. വുഹാനില്‍ നിന്നെത്തിയ ഒരു മലയാളി വിദ്യാര്‍ഥിനിയിലാണ് രാജ്യത്താദ്യമായി വൈറസ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 1471 പേര്‍ നിരീക്ഷണത്തിലുണ്ടെനന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചിട്ടുണ്ട്.

SHARE