ടിവി സെറ്റ്‌ബോക്‌സില്‍ രഹസ്യചിപ്പ്: ഇന്ത്യയിലെ ഓരോ പൗരനും ടിവിയില്‍ എന്തു കാണുന്നുവെന്ന് കേന്ദ്രസര്‍ക്കാറിന് അറിയണം

ന്യൂഡല്‍ഹി: ഇനി മുതല്‍ ഇന്ത്യയിലെ ഒരോ പൗരനും ദിവസവും ടിവിയില്‍ എന്തൊക്കെ കാണുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കും. എല്ലാ ടിവി സെറ്റ്‌ടോപ് ബോക്‌സുകളില്‍ പ്രത്യേകം ഡിസൈന്‍ ചെയ്ത ചിപ്പ് ഘടിപ്പിച്ചാണ് ഒരോരുത്തരെയും നിരീക്ഷിക്കുന്നത്. അതിനായി വിവിധ കമ്പനികളുടെ ടിവി സെറ്റ്ടോപ് ബോക്സുകളില്‍ വിവരശേഖരണത്തിന് ഇലക്ട്രോണിക് ചിപ്പുകള്‍ ഘടിപ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ സമീപിച്ചുകഴിഞ്ഞു. ഏതൊക്കെ ചാനല്‍, എത്രനേരം പ്രേക്ഷകര്‍ എത്രമാത്രം കാണുന്നുവെന്നതിന്റെ ആധികാരിക വിവരം ശേഖരിക്കാനാണു ചിപ്പ് വയ്ക്കുന്നതെന്നാണു കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം നല്‍കുന്ന വിശദീകരണം. ശാസ്ത്രീയമായ കാഴ്ചക്കണക്കു കണ്ടെത്താനാണു ചിപ്പുകള്‍ സ്ഥാപിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. പുതിയതായി നല്‍കുന്ന ഡിടിഎച്ച് കണക്ഷനുകള്‍ക്കൊപ്പമുള്ള സെറ്റ് ടോപ് ബോക്സുകളില്‍ ചിപ്പ് പിടിപ്പിക്കാനാണ് നിര്‍ദേശം. ടെലിഫോണ്‍ റെഗുലേറ്ററി അതോറിറ്റി (TRAI) നല്‍കിയ ശുപാര്‍ശയാണ് നടപ്പിലാക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഉപഭോക്താക്കള്‍ ടിവിയില്‍ ഏതെല്ലാം ചാനലുകള്‍ കാണുന്നു, എത്ര സമയം കാണുന്നു എന്നെല്ലാം അറിയാന്‍ വേണ്ടിയാണിതെന്നാണു ട്രായി പറയുന്നത്.

പരസ്യദാതാക്കള്‍ക്കും ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ് ആന്‍ഡ് വിഷ്വല്‍ പബ്ലിസിറ്റി(ഡിഎവിപി)യ്ക്കും ഇതുവഴി തങ്ങളുടെ പണം ഫലപ്രദമായി വിനിയോഗിക്കാനാകുമെന്നും മന്ത്രാലയം പറയുന്നു. പരസ്യദാതാക്കളെ സഹായിക്കാന്‍ വേണ്ടിയാണിതെന്ന് ട്രായിയുടെ ന്യായീകരണം. ഏറ്റവും കൂടുതല്‍ പേര്‍ കാണുന്ന ചാനലുകള്‍ക്ക്, ഭരിക്കുന്നവരുടെ രാഷ്ട്രീയമനുസരിച്ച് പരസ്യങ്ങള്‍ നല്‍കാനും അതു തടയാനുമുള്ള നടപടികളും സ്വീകരിക്കാനാണ് ഇത്തരം സംവിധാനങ്ങള്‍ കൊണ്ടുവരുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍ ഇത് പൗരസ്വാതന്ത്രത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.

SHARE