പൗരത്വം ഔദാര്യമല്ല, അവകാശമാണ്

യു.സി രാമന്‍

ലോകത്തിനാകെ മാതൃകയായ ഉള്‍ക്കൊള്ളലിന്റെയും സ്വീകരണത്തിന്റേയും ഉന്നത രീതിയവലംബിച്ച പ്രത്യയശാസ്ത്ര വക്താക്കളായ ഇന്ത്യയെ ലോകത്തിന്മുന്നില്‍ നാണംകെടുത്തുന്ന സ്ഥിതിയാണ് പുതിയ പൗരത്വ ഭേദഗതി നിയമത്തിലൂടെ ഇന്ത്യയിലെ നവ ഫാസിസ്റ്റ് സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്. മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും ബി.ആര്‍ അംബേദ്കറും മൗലാനാ അബ്ദുല്‍ കലാം ആസാദുമടക്കം ഒട്ടേറെ ത്യാഗികളായ മഹാന്മാരുടെ നിര്‍മിതിയെയാണ് ഇക്കൂട്ടര്‍ റദ്ദ് ചെയ്യാന്‍ ശ്രമിക്കുന്നത്. ഇത് ഏതെങ്കിലുമൊരു വിഭാഗത്തിന്റെ പ്രശ്‌നമല്ല. മാനവികതയുടെയാകെയും ഇന്ത്യ എന്ന ഉന്നത സങ്കല്‍പ്പത്തിന്റെ തന്നെയും പ്രശ്‌നമാണ്. ഇതിനെ ജാതി മത ദേശ വ്യത്യാസമില്ലാതെ ചെറുത്തു തോല്‍പ്പിക്കേണ്ടതായിട്ടുണ്ട്. നവ ഫാസിസത്തിന്റെ അനിവാര്യമായ തകര്‍ച്ചയുടെ കാഹളം തന്നെയാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് വിധിയിലൂടെ ഉണ്ടായിരിക്കുന്നത് എന്നത് ഇന്ത്യ ഇന്ത്യയായി നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന ഓരോ വ്യക്തിക്കും ആശ്വാസത്തിന് വക നല്‍കുന്നതാണ്.

മനുഷ്യന്‍ ഉണ്ടായ കാലം മുതലേ പലായനങ്ങളും കുടിയേറ്റങ്ങളും എല്ലാ സ്ഥലങ്ങളിലും വ്യാപകമായി നടക്കുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാമിന്ന് കാണുന്ന എല്ലാ ജനവിഭാഗങ്ങളും വിവിധയിടങ്ങളില്‍ നിന്നായി വ്യത്യസ്ത കാലഘട്ടങ്ങളില്‍ എത്തിച്ചേര്‍ന്നവരും അവശേഷിക്കുന്നവരുമായ പിതാമഹന്മാരുടെ സന്തതി പരമ്പരകള്‍ തന്നെയാണ്. ആധുനിക സമൂഹം രാജ്യങ്ങള്‍ക്കും ദേശങ്ങള്‍ക്കും അതിരുകളും വ്യത്യസ്ത ഭരണ സംവിധാനങ്ങളും ഏര്‍പ്പെടുത്തുകയും അതിലെ മനുഷ്യര്‍ക്ക് ചില അവകാശങ്ങളും അധികാരങ്ങളും വകവെച്ച് നല്‍കുകയും ചെയ്തിരിക്കുന്നു.

ലോകത്ത് രണ്ട് തരം പൗരത്വ നിര്‍ണയ സംവിധാനമാണ് സാധാരണ ഉപയോഗിച്ച്‌വരുന്നത്. ഒന്ന് ജസ് സോളി എന്നറിയപ്പെടുന്നു. പൗരത്വമെന്നത് ജന്മാവകാശം ആണെന്നും ജനിച്ച മണ്ണിന്റെ അവകാശമാണെന്നും വ്യവസ്ഥ ചെയ്ത് പൗരത്വം നിര്‍ണയിക്കുന്ന സംവിധാനത്തെയാണ് ജസ് സോളി എന്ന് പറയുന്നത്. അതില്‍ മാതാപിതാക്കളുടെ ജന്മദേശം പരിഗണിക്കാതെതന്നെ ജനിച്ച മണ്ണിന്റെ അവകാശാടിസ്ഥാനത്തില്‍ പൗരത്വമനുവദിക്കുന്നു. ജസ് സാന്‍ഗ്വിനിസ് എന്നതാണ് രണ്ടാമത്തെ പൗരത്വ നിര്‍ണയ തത്വം. ഇത് വംശീയമായി നല്‍കുന്നതാണ്. ജനിച്ചതോ ജീവിക്കുന്നതോ ആയ സ്ഥലത്തിനോ മറ്റെന്തെങ്കിലും അവകാശങ്ങള്‍ക്കോ യാതൊരു പ്രസക്തിയുമില്ലാതെ ജനിച്ച വംശത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിച്ച് നല്‍കുന്നു. അതായത് പൂര്‍ണമായും രക്താടിസ്ഥാനത്തില്‍. എന്നാല്‍ നാളിതുവരെ ഇന്ത്യയില്‍ പൗരത്വ നിര്‍ണയത്തിന് പ്രയോഗിച്ചുവരുന്നത് ഈ രണ്ട് രീതികളുടെയും സമ്മിശ്ര രൂപമാണ്.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ അഞ്ച് പ്രകാരം പൗരത്വത്തെ നിര്‍ണയിക്കുന്നതിപ്രകാരമാണ്. ഭരണഘടന നിലവില്‍വരുന്ന തിയ്യതി മുതല്‍ ഇന്ത്യ വാസസ്ഥലമാക്കിയ ഓരോ വ്യക്തിക്കും (എ) ഇന്ത്യയുടെ ഭൂഭാഗത്ത് ജനിക്കുകയോ (ബി) മാതാപിതാക്കള്‍ ആരെങ്കിലും ഇന്ത്യയുടെ ഭൂഭാഗത്ത് ജനിക്കുകയോ (സി) ഭരണഘടന നടപ്പിലാക്കുന്ന തിയ്യതി തൊട്ട് മുമ്പുള്ള തിയ്യതി മുതല്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെ ഇന്ത്യന്‍ ഭൂഭാഗത്ത് താമസിക്കുകയോ ചെയ്താല്‍ ഒരു വ്യക്തി ഇന്ത്യന്‍ പൗരനായിരിക്കും എന്നതാണ്.

അതായത് പൗരത്വത്തിന്റെ നിര്‍വചനത്തില്‍ മതത്തിന് യാതൊരു ഇടപെടലുമില്ല എന്നത് സുവ്യക്തമാണ്. അത്രയേറെ ഉദ്കൃഷ്ടവും ഉന്നതവുമായ ഒരു ഭരണഘടന നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ എന്നിരിക്കെ, പത്ത് വോട്ട് എങ്ങനെ ഒപ്പിക്കുമെന്ന കുടില ചിന്തയില്‍ വിവേചനപരമായ ഭേദഗതി പാര്‍ലിമെന്റില്‍ കൊണ്ടുവന്ന് ജനങ്ങള്‍ നല്‍കിയ ഭൂരിപക്ഷം ഉപയോഗിച്ച്, വോട്ട് ചെയ്ത ജനങ്ങളോട് പൗരത്വം വേണമെങ്കില്‍ നിങ്ങള്‍ രേഖ ഹാജരാക്കണമെന്ന് പറയുന്നത് എന്തൊരു വിരോധാഭാസമാണ്? നാളിതുവരെ രേഖകളായി കൊട്ടിഘോഷിച്ച് നടന്ന തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമടക്കം സകല രേഖകളും പൗരത്വത്തിനാധാരമല്ലെന്നും ലോകത്തിന് മുമ്പില്‍ സമര്‍പ്പിക്കാനായി രാഷ്ട്രപതിയുടെ സാക്ഷ്യത്തോടെ അനുവദിക്കുന്ന പാസ്‌പോര്‍ട്ട് പോലും പൗരത്വ വിഷയത്തില്‍ റദ്ദ് ചെയ്ത അങ്ങേയറ്റം തമാശ നിറഞ്ഞതും അത്രതന്നെ ഭീതിപ്പെടുത്തുന്നതുമായ സാഹചര്യത്തിലാണിന്ന് എത്തിച്ചേര്‍ന്നിരിക്കുന്നത്. രണ്ട് പ്രാവശ്യം എം.എല്‍.എ ആയിരിക്കുകയും മൂന്ന് പതിറ്റാണ്ട് കാലത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യം പറയാന്‍ കഴിയുകയും ചെയ്യുന്ന എനിക്ക് പോലും പിതാമഹന്മാരുടെയോ മാതാമഹിമാരുടെയോ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയില്ലെന്നിരിക്കെ, സാധാരണക്കാരായ ലക്ഷോപലക്ഷം ജനങ്ങളെങ്ങനെയാണ് അവരുടെ പൗരത്വം തെളിയിക്കുക എന്ന ചോദ്യമാണ് ഏറെ പ്രസക്തം.

വ്യാപകമായ അഴിമതിയും ഉദ്യോഗസ്ഥ തന്‍ പ്രമാണിത്വവുമാണിനിയുള്ള നാളുകളില്‍ ഈ വിഷയത്തില്‍ കാണാന്‍ കഴിയുക. കഴിഞ്ഞ ദിവസം കെ മുരളീധരന്‍ എം.പി പറഞ്ഞത് കെ കരുണാകരന്റെ ജനനം തെളിയാക്കാനുള്ള രേഖയില്ലെന്നാണ്. അസമില്‍ വിശിഷ്ട സേവനത്തിനുള്ള മെഡല്‍ സ്വന്തമാക്കിയ ജവാനും മുന്‍ രാഷ്ട്രപതിയുടെ പിന്മുറക്കാരുമടക്കം പൗരത്വ പട്ടികയില്‍നിന്ന് പുറത്ത്‌പോയത് കണ്ടതാണല്ലോ.
ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തവരോട് പൂര്‍വിക ഭൂമിയുടെ പ്രമാണമാണ് ഹാജരാക്കാന്‍ പറയുന്നത്. ഇന്ത്യയിലെ തന്നെ ഒന്നാം നമ്പര്‍ സംസ്ഥാനമായ കേരളത്തില്‍ പോലും 1957 ന് ശേഷമാണ് കുടികിടപ്പ് നിയമ പ്രകാരം കുറേ പേര്‍ക്ക് ഭൂമി കിട്ടുന്നത്. അതിന് മുമ്പ് ആര്‍ക്കാണിവിടെ ഭൂമിയുള്ളത്. അങ്ങനെ വരേണ്യനെ മാത്രം മനസില്‍ കണ്ടുകൊണ്ട് ചാതുര്‍വര്‍ണ്യ സമ്പ്രദായത്തിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ആദ്യ ഘട്ടമെന്ന നിലയില്‍ മുസ്‌ലിംകളുടെ നേര്‍ക്ക് വന്നുവെന്നേയുള്ളൂ.

സമീപഭാവിയില്‍തന്നെ മറ്റ് മതക്കാരുടെയും അവര്‍ണന്റെയും ദലിതന്റെയും മറ്റ് പിന്നാക്കക്കാരന്റെയും സമീപമെത്തുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. ആധുനിക കാലത്ത് മാനവികതക്കും മനുഷ്യാവകാശങ്ങള്‍ക്കും വലിയ മഹൗന്നത്യം നല്‍കി ലോകം മുന്നോട്ട് പോകുമ്പോള്‍ ജന്മത്തിന്റെയും വംശത്തിന്റെയും കുലത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും വര്‍ണത്തിന്റെയും എന്ന് വേണ്ട സകല പിന്തിരിപ്പന്‍ വാദങ്ങളുടെയും വക്താക്കളായി, ഒരു പക്ഷത്തോരം ചേര്‍ന്ന്, ഭിന്നിപ്പിച്ച് അധികാര നേട്ടം കൈക്കലാക്കാനുള്ള ഫാസിസ്റ്റ് ശ്രമത്തെ ശക്തമായി നേരിടുകതന്നെ വേണം. ലോകമൊന്നാകെ മനുഷ്യാവകാശ സംരക്ഷണത്തിനും വിവേചനങ്ങള്‍ക്കെതിരെയും പ്രവര്‍ത്തിക്കുമ്പോള്‍, ജാതി മത, ലിംഗ വര്‍ണ വിവേചനങ്ങളില്ലാത്ത ഒരു സമൂഹ നിര്‍മിതിക്ക് വേണ്ടി നിലകൊള്ളുമ്പോള്‍ ലോകത്തിനെന്നും മാതൃകയായിരുന്ന നാം തിരിഞ്ഞു നടക്കുന്നുവെന്നത് ഖേദകരമാണ്.

അതുകൊണ്ട് കൂടിയാണ് പൗരത്വ ഭേദഗതി ബില്ലിനെതിരെ ഐക്യരാഷ്ട്രസഭ ഡിസംബര്‍ 13ന് തന്നെ പരസ്യമായി ആശങ്ക പ്രകടിപ്പിച്ചത്. പൗരത്വ ഭേദഗതി ബില്‍ ഇന്ത്യയുടെ പരമാധികാരത്തിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്നും അക്കാര്യത്തില്‍ കടന്നുകയറി അഭിപ്രായം പറയുന്നത് സ്വതന്ത്ര രാജ്യമെന്ന നിലയില്‍ ഇന്ത്യക്കുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യലാണെന്നും രാജ്യത്തിന്റെ പാര്‍ലമെന്റ് എടുത്ത തീരുമാനത്തിനെതിരെ അഭിപ്രായം പറയാന്‍ ഐക്യരാഷ്ട്രസഭക്കെന്ത അവകാശം എന്നുമാണ് ബില്ലിനെ അനുകൂലിക്കുന്നവര്‍ ചോദിക്കുന്നത്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ യു.എന്‍ പ്രതികരിച്ചത് എന്നറിയാതെയാണിവര്‍ വിമര്‍ശിക്കുന്നത്.

പത്രക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ: ഭേദഗതി ചെയ്യപ്പെട്ട നിയമത്തില്‍ ഇന്ത്യയുടെ ഭരണഘടനയില്‍ അധിഷ്ഠിതമായ തുല്യതയോടുള്ള പ്രതിബന്ധതയെ അട്ടിമറിക്കാനുള്ള സാധ്യത ഉണ്ട്. അതോടൊപ്പം വംശീയ, മതാതിഷ്ഠിത അടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ നിരോധിക്കും എന്ന് വ്യക്തമാക്കി ഇന്ത്യ, ഇന്റര്‍നാഷണല്‍ കവനന്റ് ഓണ്‍ സിവില്‍ ആന്റ് പൊളിറ്റിക്കല്‍ റൈറ്റ്‌സ്, കണ്‍വന്‍ഷന്‍ ഫോര്‍ എലിമിനേഷന്‍ ഓഫ് റേഷ്യല്‍ ഡിസ്‌ക്രിമിനേഷന്‍ എന്നീ അന്താരാഷ്ട്ര ഉടമ്പടികളില്‍ ഒപ്പ്‌വച്ചിട്ടിട്ടുണ്ട്. ഈ രണ്ട് അന്താരാഷ്ട്ര ഉടമ്പടികളില്‍ ഒപ്പ്‌വച്ചതിന്റെ ഭാഗമായി ഇന്ത്യക്കുള്ള ചുമതലകളെയും നിയമഭേദഗതി അട്ടിമറിക്കാനുള്ള സാധ്യതയുണ്ട്.

പത്രക്കുറിപ്പ് ഇങ്ങനെ തുടരുന്നു: വെറും 11 മാസങ്ങള്‍ക്ക്മുമ്പ് ഇന്ത്യ ഗ്ലോബല്‍ കോംപാക്ട് ഫോര്‍ സേഫ് റെഗുലര്‍ ആന്റ് ഓര്‍ഡിനറി മൈഗ്രേഷന്‍ എന്ന അന്താരാഷ്ട്ര ഉടമ്പടിയില്‍ ഒപ്പ്‌വെക്കുകയുണ്ടായി. ദുരിതങ്ങളുടെ സമയത്തും ഏകപക്ഷീയ തടവ് ഒഴിവാക്കിക്കൊണ്ടും സംയുക്ത പുറത്താക്കല്‍ ഒഴിവാക്കിയും എല്ലാ കുടിയേറ്റ ഭരണ നടപടികളും മനുഷ്യാവകാശ അധിഷ്ഠിതമായിരിക്കണം എന്നും ഇന്ത്യ ഈ കരാറിന്റെ ഭാഗമായി ഉറപ്പ് നല്‍കിയിട്ടുണ്ട്. അതായത്, രണ്ട് കാര്യങ്ങളാണ് മേല്‍പറഞ്ഞ വസ്തുതകളില്‍നിന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാകുന്നത്. ഒന്നാമതായി, എല്ലാ കുടിയേറ്റക്കാരും അവരുടെ കുടിയേറ്റത്തിന്റെ തലം കണക്കാക്കാതെ, ബഹുമാനത്തിനും സംരക്ഷത്തിനും മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കപ്പെടുന്നതിനും അര്‍ഹരാണ് എന്നതാണത്.

രണ്ടാമതായി, കടിയേറ്റക്കാര്‍ക്കെതിരെ ഒരു തരത്തിലുള്ള വിവേചനവും പാടില്ല എന്നുമാണ്. രണ്ട് കാര്യങ്ങളും ഇന്ത്യ ഒപ്പ്‌വച്ച അന്താരാഷ്ട്ര ഉടമ്പടികളില്‍ അംഗീകരിച്ചതാണ് എന്നതിനാല്‍, ഇത് ഇന്ത്യയുടെ ചുമതലയാണ് എന്നാണ് ഐക്യരാഷ്ട്രസഭ കേന്ദ്ര സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തുന്നത്. ഇന്ത്യയുടെ ഈ ഉത്തരവാദിത്തങ്ങളും ചുമതലകളും പൗരത്വ ഭേദഗതി നിയമം പാസ്സാക്കപ്പെട്ടതിലൂടെ ലംഘിക്കപ്പെട്ടിരിക്കുന്നു എന്ന വ്യക്തമായ സൂചനയും ഐക്യരാഷ്ട്രസഭ ഡിസംബര്‍ 13 ലെ പത്രക്കുറിപ്പിലൂടെ നല്‍കിയിരിക്കുന്നു. സര്‍വ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചാണ് കേന്ദ്ര ഭരണകൂടം ഈ വിവേചനബില്ലുമായി മുന്നോട്ട് പോകുന്നത്.

SHARE