ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം; കറുത്തതിന്റെ പേരില്‍ തന്റേയും ജീവനെടുക്കുമോ?; പ്രതിഷേധവുമായി കോക്കോ ഗൗഫ്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡ് പോലീസിന്റെ കൊലപാതകത്തില്‍ പ്രതിഷേധവുമായി അമേരിക്കന്‍ ടെന്നീസ് താരം കോക്കോ ഗൗഫ്. കറുത്തതിന്റെ പേരില്‍ നിങ്ങള്‍ അവരുടെ ജീവനെടുത്തു. അടുത്തത് ഞാനോ? എന്ന് കോക്കോ ചോദിച്ചു. നിലവില്‍ വ്യാപകമായ പ്രതിഷേധമാണ് അമേരിക്കയില്‍ അരങ്ങേറുന്നത്.

നിറം കറുത്തതിന്റെ പേരില്‍ പീഡനങ്ങളേറ്റുവാങ്ങി കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളുള്ള ടിക് ടോക് വീഡിയോ പങ്കുവെച്ചാണ് പതിനാറുകാരിയായ കോക്കോ തന്റെ പ്രതിഷേധം അറിയിച്ചത്. ഫ്‌ളോയ്ഡ്, അഹമ്മദ് ആര്‍ബറി, ബ്രെണ്ണ ടെയ്‌ലര്‍, ട്രെയ്വോന്‍ മാര്‍ട്ടിന്‍ എന്നിവരുടെ ചിത്രങ്ങളാണ് വീഡിയോയിലുള്ളത്. 25കാരനായ ആര്‍ബറി ജോര്‍ജിയയില്‍വെച്ച് ഫെബ്രുവരി 23നാണ് കൊല്ലപ്പെട്ടത്. എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനായ ടെയ്‌ലര്‍ കെന്റക്കിയിലെ വീട്ടില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുകയായിരുന്നു. മാര്‍ച്ചിലായിരുന്നു ഈ സംഭവം. ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ആയിരുന്നമാര്‍ട്ടിന്‍ 2012-ല്‍ വെടിയേറ്റ് മരിക്കുകയായിരുന്നു.

മിനിയാപോളീസ് നഗരത്തില്‍ അറസ്റ്റിലായ ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്തില്‍ ഡെറിക് ഷോവിന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ മുട്ടുകുത്തിനില്‍ക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത്. തനിക്ക് ശ്വാസം മുട്ടുന്നുവെന്നും വെള്ളം വേണമെന്നും അപേക്ഷിക്കുന്ന ഫ്‌ളോയ്ഡ് പതിയെ നിശബ്ദനാകുന്നതും ചലനം നിലയ്ക്കുന്നതും പോലീസുകാരനോട് കാലെടുക്കാന്‍ കാഴ്ച്ചക്കാര്‍ അപേക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് ഇതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണിലൂടെയാണ് കോക്കൗ ഗൗഫ് താരമായത്. ആദ്യ റൗണ്ടില്‍ വെറ്ററന്‍ താരം വീനസ് വില്ല്യംസിനെ തോല്‍പ്പിച്ച് പതിനാറുകാരിയായ കോക്കോ വാര്‍ത്തകളില്‍ ഇടം നേടി. ഓസ്‌ട്രേലിയന്‍ ഓപ്പണിലും യു.എസ് ഓപ്പണിലും മികച്ച പ്രകടനം പുറത്തെടുത്തതോടെ കൗമാര താരം ആദ്യ 50 റാങ്കിനുള്ളിലെത്തി. നാളെയുടെ താരം എന്നാണ് കോക്കോയെ ടെന്നീസ് ലോകം വിശേഷിപ്പിക്കുന്നത്.

SHARE