കോയമ്പത്തൂര്‍ അപകടം; മരിച്ചവരില്‍ അധികവും മലയാളികള്‍ ഛിന്നഭിന്നമായ ശരീരങ്ങള്‍ പുറത്തെടുത്തത് ബസ് വെട്ടിപ്പൊളിച്ച്


കോയമ്പത്തൂര്‍: കോയമ്പത്തൂരിനടുത്ത അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം 26 ആയി. സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മരിച്ചവരില്‍ അഞ്ചു സ്ത്രീകളും ഉള്‍പ്പെടുന്നു. ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചിട്ടുണ്ട്.

മരിച്ച 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എട്ടുപേരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. റോസ്‌ലി ( പാലക്കാട്), ഗിരീഷ് ( എറണാകുളം), ഇഗ്‌നി റാഫേല്‍ ( ഒല്ലൂര്‍,തൃശ്ശൂര്‍), കിരണ്‍ കുമാര്‍, ഹനീഷ് ( തൃശ്ശൂര്‍), ശിവകുമാര്‍ ( ഒറ്റപ്പാലം), രാജേഷ്. കെ (പാലക്കാട്), ജിസ്‌മോന്‍ ഷാജു ( തുറവൂര്‍), നസീബ് മുഹമ്മദ് അലി ( തൃശ്ശൂര്‍), കെ.എസ്.ആര്‍.ടി.സി െ്രെഡവര്‍ ബൈജു, ഐശ്വര്യ , എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 19 മൃതദേഹങ്ങളും അവിനാശി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തമിഴ്‌നാട്ടിലെ അവിനാശിയില്‍ ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസ്സിലാണ് കണ്ടെയ്‌നര്‍ വന്നിടിച്ചത്. പുലര്‍ച്ചെ മൂന്നരക്കായിരുന്നു സംഭവം.

ടൈല്‍സുമായി കേരളത്തില്‍ നിന്നു പോയ കണ്ടെയ്‌നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. യാത്രക്കിടെ മുന്‍വശത്തെ ടയര്‍ പൊട്ടിയ കണ്ടെയ്‌നര്‍ ലോറി, റോഡിന് ഇടക്കുള്ള ഡിവൈഡര്‍ മറികടന്ന് മറുഭാഗത്ത് വണ്‍വേയില്‍ക്കൂടി പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിലേക്ക് വന്നിടിച്ചു കയറുകയായിരുന്നു.ടൈലുമായി പോയ ലോറിയാണ് അപകടത്തില്‍പെട്ടത്. അപകടാനന്തരം ലോറിയിലുണ്ടായിരുന്നവര്‍ ഓടിപ്പോവുകയായിരുന്നു. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

കണ്ടെയ്‌നര്‍ ലോറി ഇടിച്ച ഭാഗത്തുണ്ടായിരുന്ന യാത്രക്കാര്‍ മരിച്ചുവെന്നാണ് കരുതുന്നത്. ഇവരില്‍ ചിലരുടെ ശരീര ഭാഗങ്ങള്‍ ഇടിയുടെ ആഘാതത്തില്‍ ഛിന്നഭിന്നമായിപ്പോയിട്ടുണ്ട്. ബസിലും കണ്ടെയ്‌നര്‍ ലോറിയിലുമായി ചിതറിക്കിടന്ന ശരീര ഭാഗങ്ങള്‍ പൊലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് മാറ്റി. അപകടം നടന്നത് നഗരത്തില്‍ നഗരത്തില്‍ നിന്ന് അകലെയായിരുന്നതിനാലും രക്ഷാപ്രവര്‍ത്തനം നീണ്ടുപോയതിനാലുമാണ് മരണസംഖ്യ ഉയര്‍ന്നതെന്നു കരുതുന്നു.