ഉദ്ധവ് താക്കറെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശിവസേന നേതാവ് ഉദ്ധവ് താക്കറെക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു അഭിനന്ദനം.

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉദ്ദവ് താക്കറെ ജിക്ക് അഭിനന്ദനങ്ങള്‍. മഹാരാഷ്ട്രയുടെ ശോഭനമായ ഭാവിക്കായി അദ്ദേഹം ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, പ്രധാനമന്ത്രി ട്വീറ്റ് ചെയ്്തു.

നേരത്തെ, കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി പാര്‍ട്ടികള്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കെ ബിജെപി പാതിരാ അട്ടിമറി നടത്തി അജിത്ത് പവാറിനെ അടര്‍ത്തിയെടുത്ത് മഹാരാഷ്ട്രയില്‍ സര്‍ക്കാറുണ്ടാക്കിയിരുന്നു. മുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രിയായിരുന്ന അജിത്ത് പവാറും സ്ഥാനമേറ്റതിനെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാറിനും കനത്ത തിരിച്ചടി കോണ്‍ഗ്രസ്-എന്‍.സി.പി-ശിവസേന സഖ്യത്തിന് അനുകൂലമായി സുപ്രീംകോടതി വിധി പറയുകയാണുണ്ടായത്. ഇതോടെ ബിജെപി സര്‍ക്കാര്‍ നാണംകെട്ട് രാജിവെച്ച് ഒഴുകയാണുണ്ടായത്. തുടര്‍ന്നാണ് ത്രികക്ഷി സഖ്യം അധികാരത്തിലേറുന്നത്.

ഇന്ന് വൈകീട്ട് ദാദറിലെ ശിവാജി പാര്‍ക്കിലായിരുന്നു ത്രികക്ഷി സഖ്യത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ശിവസേന നേതാവ് എന്ന നിലയിലും മഹാരാഷ്ട്രയിലെ പ്രമുഖ കുടുംബമായ താക്കറെ കുടുംബത്തില്‍ നിന്നും മുഖ്യമന്ത്രി കസേരയിലെത്തുന്ന ആദ്യ വ്യക്തിയാണ് ഉദ്ധവ് താക്കറെ. 1966-ല്‍ ബാല്‍താക്കറെ ശിവസേന രൂപീകരണ പ്രഖ്യാപനം നടത്തിയ അതേ ശിവാജി പാര്‍ക്കില്‍ വച്ചാണ് എന്‍സിപി കോണ്‍ഗ്രസ് പിന്തുണയോടെ ഉദ്ദവ് അധികാരത്തിലേറുന്നത്. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നിരവധിയാളുകള്‍ ശിവജി പാര്‍ക്കില്‍ എത്തിയിട്ടുണ്ട്. ഡിസംബര്‍ 3ന് മുമ്പായി ത്രികക്ഷി സഖ്യം ഭൂരിപക്ഷം തെളിയിക്കണം.

മന്ത്രിസഭയുടെ ഘടന സംബന്ധിച്ച കാര്യത്തില്‍ ഘടക കക്ഷികള്‍ തമ്മില്‍ ധാരണ രൂപപ്പെട്ടിട്ടുണ്ട്. ശിവസേനയ്ക്ക് മുഖ്യമന്ത്രി പദത്തിന് പുറമേ 15 മന്ത്രിമാര്‍ ഉണ്ടാവും. കോണ്‍ഗ്രസിന് സ്പീക്കര്‍ പദവിയും 13 മന്ത്രിമാരും, എന്‍സിപിക്ക് ഉപമുഖ്യമന്ത്രി പദവും 13 മന്ത്രിമാരും എന്നാണ് ഇപ്പോള്‍ മുന്നണിയില്‍ രൂപപ്പെട്ടിരിക്കുന്ന ധാരണ.