കര്‍ണാടകയിലും തകര്‍ന്നടിഞ്ഞ് ബി.ജെ.പി; വമ്പന്‍ തിരിച്ചുവരവുമായി കോണ്‍ഗ്രസ്

ഡല്‍ഹിയിലേറ്റ തിരിച്ചടിക്ക് ആശ്വാസമാകുമെന്ന് കരുതിയിരുന്ന കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പിലും തകര്‍ന്നടിഞ്ഞ് ബി.ജെ.പി. എന്നാല്‍ എടുത്തു പറയേണ്ട വസ്തുത കോണ്‍ഗ്രസിന്റെ തിരിച്ചുവരവാണ്.ആറ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിന്റെ തകര്‍പ്പന്‍ വിജയം.

ഹോസോകാട്ട്, ചിക്കബെല്ലാപ്പൂര്‍,ഹുന്‍സൂര്‍,സിരുഗപ്പ എന്നീ മുന്‍സിപ്പല്‍ കൗണ്‍സിലുകളിലെയും തെക്കലാക്കോട്ട് ടൗണ്‍ പഞ്ചായത്തിലെയും സിന്ദഗി ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സിലിലേയും വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 167 വാര്‍ഡുകളില്‍ 69 വാര്‍ഡുകളിലും കോണ്‍ഗ്രസിനാണ് ജയിക്കാനായത്. എന്നാല്‍ ബി.ജെ.പിക്ക് 59 വാര്‍ഡുകളില്‍ മാത്രമാണ് ജയിക്കാനായത്.

ഫിബ്രുവരി 9 നായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. നാല് മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ രണ്ടെണ്ണത്തില്‍ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചു. താഴേ തട്ടില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്നതിന്റെ തെളിവാണിതെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു.ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ നിന്നുള്ള തിരിച്ചു വരവിനെ പ്രതീക്ഷയോടെയാണ് നേതൃത്വം നോക്കികാണുന്നത്.

SHARE