ഇന്ത്യയിലേക്ക് മടങ്ങുന്നില്ലെന്ന് സാകിര്‍ നായിക്

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഇസ്്‌ലാമിക പ്രഭാഷകന്‍ സാകിര്‍ നായിക്. സാകിര്‍ നായിക് മലേഷ്യയില്‍ നിന്ന് ഇന്നലെ ഇന്ത്യയിലേക്ക് തിരിക്കുമെന്നായിരുന്നു വാര്‍ത്ത. ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന വിചാരണയില്‍ വിശ്വാസമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സര്‍ക്കാര്‍ തനിക്ക് നീതിയും ന്യായവും ഉറപ്പുവരുത്തുന്ന സമയത്ത് മാത്രമേ സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തൂവെന്നും അദ്ദേഹം വ്യക്തമാക്കി. സാക്കിര്‍ നായിക്കിനെ മലേഷ്യ ഇന്ത്യയിലേക്ക് നാടുകടത്തുന്നുവെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ സാകിര്‍ നായിക്കിന് ഒരു തരത്തിലുള്ള നാടുകടത്തല്‍ നോട്ടീസും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഷഹറുദ്ദീന്‍ അലി വ്യക്തമാക്കി. ഇതു സംബന്ധിച്ച് മലേഷ്യന്‍ ആഭ്യന്തര മന്ത്രാലയവും പ്രതികരിച്ചിട്ടില്ല.

ധാക്ക സ്‌ഫോടന കേസ് പ്രതികളുടെ മൊഴിയെ തുടര്‍ന്നാണ് നായിക്കിനെതിരെ കേസെടുത്തത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചത് സാകിര്‍ നായികിന്റെ പ്രാഭാഷണങ്ങളാണെന്നായിരുന്നു അവരുടെ മൊഴി. തുടര്‍ന്ന് ഇന്ത്യ വിട്ട നായിക്കിനെതിരെ കള്ളപ്പണ ഇടപാട് ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2016 ജൂലൈയില്‍ ഇന്ത്യ വിട്ട നായിക് മലേഷ്യയില്‍ അഭയം തേടുകയായിരുന്നു.

SHARE