ലോക വ്യാപക വിപത്ത് മനുഷ്യചിന്ത ഉണര്‍ത്തട്ടെ

പി. മുഹമ്മദ് കുട്ടശ്ശേരി

ഒരു മഹാവിപത്ത് ലോകത്തെയാകെ കിടിലം കൊള്ളിച്ച് സര്‍വവ്യാപകമാവുകയാണ്. ദിവസവും വിവിധ നാടുകളില്‍ ജനങ്ങള്‍ മരിച്ചുവീഴുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. എവിടെയും ഭീതിയും ആശങ്കയും. ഓരോ വ്യക്തിയും രോഗം പകരുമോ എന്ന ആശങ്കയില്‍ മറ്റുള്ളവരില്‍നിന്ന് അകലം പാലിക്കാന്‍ ശ്രമിക്കുന്നു. രാജ്യങ്ങളെല്ലാം നിശ്ചലമായിരിക്കുന്നു. തെരുവുകള്‍ ശൂന്യം. സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നു. സാമ്പത്തിക സ്രോതസുകള്‍ എല്ലാം മരവിച്ചു. അടുത്തുവരാനിരിക്കുന്നത് ഇതിന്റെ പ്രത്യാഘാതങ്ങളായ പട്ടിണിയും ദാരിദ്ര്യവും. ഇതൊരു വലിയ ദൈവിക പരീക്ഷണം തന്നെയാണ്. മനുഷ്യന്റെ ചിന്തയെ ഇത് തട്ടിയുണര്‍ത്തേണ്ടതാണ്. ലോകത്തിലെ സംഭവിവികാസങ്ങളില്‍നിന്ന് മനുഷ്യന്‍ പാഠം ഉള്‍ക്കൊള്ളേണ്ടതാണ്. ‘ഭയം, പട്ടിണി, ധന നഷ്ടം, ജീവനാശം, ഉല്‍പന്നക്കുറവ് എന്നിവ കൊണ്ട് നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും’ – ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

ലോകത്തിലെ വന്‍ ശക്തിയായി ഗണിക്കപ്പെടുന്ന അമേരിക്കക്ക് എന്തൊരു ഹുങ്കാണ്. വാള്‍ ചുഴറ്റി മനുഷ്യവര്‍ഗത്തെ മുഴുവന്‍ വിറപ്പിക്കുന്ന ആ രാഷ്ട്രത്തിന്റെ കൈയ്യില്‍ ഞൊടിയിടകൊണ്ട് ഏത് രാജ്യത്തേയും അവിടുത്തെ ജനങ്ങളേയും മുഴുവന്‍ തകര്‍ത്ത് തരിപ്പണമാക്കാന്‍ ശേഷിയുള്ള അണുവായുധങ്ങളുണ്ട്. പക്ഷേ ഒരു രോഗാണുവിന്റെ ആക്രമണത്തിനുമുമ്പില്‍ പ്രതിരോധിക്കാന്‍ കഴിയാതെ പകച്ചുനില്‍ക്കുകയാണ്. സ്വന്തം പൗരന്മാര്‍ മരിച്ചുവീഴുന്നത് ദു:ഖത്തോടെ നോക്കിനില്‍ക്കുന്നു. സിംഹത്തിന്റെ ഗര്‍ജ്ജനമല്ല: പൂച്ചക്കുഞ്ഞിന്റെ കരച്ചിലാണ് ഇപ്പോള്‍ അവിടെനിന്ന് കേള്‍ക്കുന്നത്. വിജ്ഞാനത്തിലും ശാസ്ത്രത്തിലും സമ്പത്തിലും കണ്ടുപിടുത്തങ്ങളിലുമെല്ലാം മുമ്പിലാണ് തങ്ങളെന്ന് ഭാവിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ സ്ഥിതി ഇപ്പോള്‍ എത്ര ദനനീയമാണ്. ഇറ്റലിക്ക് തങ്ങളുടെ പൗരന്മാര്‍ മരിച്ചു വീഴുമ്പോള്‍ നിസ്സഹായരായി നോക്കിനില്‍ക്കാനല്ലാതെ മറ്റെന്തിന് കഴിയും. ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യന്‍ അവന് ദൈവം അനുഗ്രഹിച്ചേകിയ ബുദ്ധിയും ശരീര ശേഷിയും ഉപയോഗിച്ച് സമ്പത്തും അറിവും പുരോഗതിയും ശാസ്ത്ര ഗവേഷണവും കണ്ടുപിടുത്തങ്ങളുമെല്ലാം നേടിയപ്പോള്‍ തന്റെ മിടുക്ക് കൊണ്ടാണ് ഇവയൊക്കെ കരസ്ഥമാക്കിയതെന്ന് അഹങ്കരിക്കുകയാണ്. ‘ഒരു ബീജകണത്തില്‍നിന്നാണ് നാം മനുഷ്യനെ സൃഷ്ടിച്ചത്. മനുഷ്യന്‍ അവന്റെ സൃഷ്ടിപ്പ് മറന്ന് തന്നെ എതിര്‍ത്ത് തര്‍ക്കിക്കുകയാണ്’ – ഖുര്‍ആന്‍. കൊറോണ എന്ന രോഗാണുവിനെ നേരത്തെ കണ്ടെത്താനോ, അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗം ഉപയോഗിക്കാനോ മനുഷ്യന് കഴിഞ്ഞില്ല.

ചൈനയില്‍ പ്രത്യക്ഷപ്പെട്ട ഈ രോഗം ലോകത്തിന്റ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നുവല്ലോ. പതിനാല് നൂറ്റാണ്ട്മുമ്പ് പ്രവാചകന്‍ രോഗ വ്യാപനം തടയാന്‍ നിര്‍ദ്ദേശിച്ച മാര്‍ഗം കര്‍ശനമായി പാലിച്ചിരുന്നുവെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. ഒരു നാട്ടില്‍ പകര്‍ച്ചവ്യാധി പ്രത്യക്ഷപ്പെട്ടാല്‍ ആരും അവിടേക്ക് പോകരുത്. അവിടെനിന്ന് ആരും പുറത്തേക്ക് പോവുകയും ചെയ്യരുതെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. പ്രസിദ്ധ പണ്ഡിതനായ ഇബ്‌നുല്‍ ഖയ്യിം (എ.ഡി 1350) പ്രവാചകന്റെ ഈ ഉപദേശത്തിലെ നാല് തത്വങ്ങള്‍ ഇങ്ങനെ വിവരിക്കുന്നു. ഒന്ന്: രോഗ പകര്‍ച്ചയുടെ വഴികള്‍ കൊട്ടിയടക്കുക. രണ്ട്: മനുഷ്യന്റെ ശാരീരിക ആരോഗ്യത്തിന് സംരക്ഷണം നല്‍കുക. മൂന്ന്: രോഗം കാരണം മലിനമായ വായു ശ്വസിക്കുന്നത് തടയുക. നാല്: രോഗം പിടിപെട്ടവരുമായുള്ള സഹവാസം രോഗപ്പകര്‍ച്ചക്ക് കാരണമാകുന്നതുകൊണ്ട് അത് തടയുക. ഇമാം അബൂദാവൂദ് റസൂലില്‍നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസും അദ്ദേഹം തെളിവായി കാണിക്കുന്നു. ‘പകര്‍ച്ചവ്യാധി പിടിപെട്ട രോഗിയുമായി അടുത്ത് ഇടപഴകിയാല്‍ നാശം സുനിശ്ചിതം’ ഇത് പറഞ്ഞ് നൂറ്റാണ്ടുകള്‍ ഏറെ കഴിഞ്ഞുവെങ്കിലും പ്രവാചകന്റെ നിര്‍ദ്ദേശം തന്നെയാണ് ഇന്നും പ്രായോഗികം. വൈദ്യശാസ്ത്രം വളരെയേറെ വളര്‍ന്നുവെങ്കിലും പ്രവാചകന്‍ പ്രഖ്യാപിച്ച അടിസ്ഥാന തത്വം അങ്ങനെതന്നെ മങ്ങലേല്‍ക്കാതെ നിലകൊള്ളുന്നു.

കൊറോണ കാരണം ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യര്‍ മരിച്ചുകൊണ്ടിരിക്കുന്നു. ജനിച്ചവരെല്ലാം മരിക്കുമെന്നതില്‍ സംശയമില്ല. പക്ഷേ, മനുഷ്യന്‍ ഒരിക്കലും മരണത്തിന്റെ വായ്ത്തലപ്പിലേക്ക് സ്വന്തത്തെ എറിയാന്‍ പാടില്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ജീവന്‍ തന്നത് ദൈവമാണ്. അത് തിരിച്ചെടുക്കാന്‍ അവനേ അവകാശമുള്ളൂ. ഭൗതികമായ സുഖ സൗകര്യങ്ങളില്‍ മാത്രം ശ്രദ്ധയൂന്നി ജീവിക്കുന്ന മനുഷ്യനെ ചിന്തിപ്പിക്കുന്നതാണ് ഇന്ന് വ്യാപകമായ രോഗവും മരണവും. ‘എപ്പോള്‍ എവിടെ വെച്ച് മരണം പിടികൂടുമെന്ന് ഒരു മനുഷ്യനും മുന്‍കൂട്ടി കാണാന്‍ കഴിയില്ല’ – ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ‘നേരം പുലര്‍ന്നാല്‍ വൈകുന്നേരം വരെയോ, വൈകുന്നേരമായാല്‍ നേരം പുലരുംവരെയോ ജീവിക്കുമെന്ന് നിങ്ങള്‍ക്കാര്‍ക്കും ഉറപ്പിക്കാന്‍ കഴിയില്ലെന്ന് പ്രവാചകന്‍ വ്യക്തമാക്കുന്നു. അപ്പോള്‍ എപ്പോഴും മനുഷ്യന്‍ അന്ത്യയാത്രക്ക് തയ്യാറായി നിലകൊള്ളണം. ഈ ജീവിതത്തില്‍ മൂന്ന് തരം കടമകളാണ് മനുഷ്യന് നിര്‍വഹിക്കാനുള്ളത്. ഒന്ന് സ്രഷ്ടാവിനോടുള്ള കടമ- സ്രഷ്ടാവില്‍ വിശ്വസിച്ചും അവന് നന്ദികാണിച്ചും അവന്റെ പ്രവാചകന്‍ മുഖേന നല്‍കിയ വേദ ഗ്രന്ഥത്തിലെ കല്‍പ്പനകളും നിരോധനങ്ങളും പൂര്‍ണമായി പാലിച്ചും പ്രവാചകന്റെ ജീവിതചര്യ പിന്‍പറ്റിയും ജീവിക്കുക.

രണ്ട്: സ്വന്തത്തോടുള്ള കടമ- മനസ്സിനെ ദുഷ്ചിന്തകള്‍ ദൂര്‍വികാരങ്ങള്‍ എന്നീ മാലിന്യങ്ങളില്‍ നിന്ന് ശുദ്ധീകരിച്ചു ഭൗതിക ജീവിതത്തിലും മരണാനന്തരമുള്ള ശാശ്വത ജീവിതത്തിലും സൗഭാഗ്യമുണ്ടാകുന്ന മാര്‍ഗത്തില്‍ അതിനെ ചരിപ്പിക്കുക. മൂന്ന്: സൃഷ്ടികളോടുള്ള കടമകള്‍- മാതാപിതാക്കള്‍, മക്കള്‍, ഇണകള്‍, മറ്റ് ബന്ധുജനങ്ങള്‍, സഹജീവികള്‍ എല്ലാവര്‍ക്കും നന്മയും സൗഭാഗ്യവും ലഭിക്കുന്നതിനാവശ്യമായ മനുഷ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഈ മൂന്ന് കടമകളും യഥാവിധി നിര്‍വഹിക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം ദൈവം വിളിക്കുന്ന ഏത് സമയത്തും ജീവിതത്തോട് യാത്ര പറയാന്‍ അവന്‍ സന്നദ്ധനായിരിക്കും. അവന് ദൈവ പ്രീതിക്കര്‍ഹനായി സന്തോഷത്തോടും സമാധാനത്തോടും കൂടി മൃത്യുവിന് വഴങ്ങിക്കൊടുക്കാന്‍ കഴിയുമെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

ഏത് അവസ്ഥയിലും മനുഷ്യന് സ്ഥിതി മാറ്റം സംഭവിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യം വലിയ അനുഗ്രഹമാണ്. പക്ഷേ, അത് നഷ്ടപ്പെട്ടാല്‍ മറ്റെന്ത് സുഖമുണ്ടായിട്ട് എന്ത് കാര്യം. അതുകൊണ്ടാണ് രോഗം വരുംമുമ്പ് ആരോഗ്യം നന്മക്ക് ഉപയോഗപ്പെടുത്തി ജീവിക്കാന്‍ നബി (സ) ഉപദേശിച്ചത്. ദൈവത്തോടും സ്വന്തത്തോടും സമൂഹത്തോടുമുള്ള കടമകളില്‍ കൃത്യവിലോപം കാണിച്ച് തിന്മകളില്‍ മുഴുകിയും നന്മകള്‍ ഉപേക്ഷിച്ചും ജീവിച്ച മനുഷ്യന്‍ ജീവിതത്തോട് യാത്ര പറയുമ്പോള്‍ വിലപിക്കുന്ന ഒരു രംഗം ഖുര്‍ആനിലുണ്ട്. ‘നാഥാ, എന്റെ ആയുസ് നീട്ടിത്തന്ന് കുറച്ചുകാലംകൂടി ജീവിക്കാന്‍ നീ അനുവദിക്കുകയാണെങ്കില്‍ ഞാന്‍ ദാനധര്‍മ, സല്‍കര്‍മ്മ നിഷ്ഠമായ ജീവിതത്തില്‍ നിരതനാവാം. എന്നാല്‍ അവധി എത്തിക്കഴിഞ്ഞാല്‍ ഒരു മനുഷ്യനും അത് നീട്ടിനല്‍കുകയില്ല.’ – ഖുര്‍ആന്‍.

ലോകമാകെ ഒരു പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുകയും ആളുകള്‍ മരിച്ചുവീണുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ സന്ദര്‍ഭത്തില്‍ ഓരോ വ്യക്തിയും ജീവിതത്തെയും മരണത്തെയും സബന്ധിച്ച് ആഴത്തില്‍ ചിന്തിക്കുകയും ദൈവത്തോടു കൂടുതല്‍ അടുത്ത് ആരാധനാകര്‍മങ്ങള്‍ മുറപോലെ നിര്‍വഹിച്ച് തനിക്കും മറ്റ് മനുഷ്യര്‍ക്കും നന്മയും രക്ഷയും ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടതാണ്. കൂടെ എല്ലാം സ്തംഭിച്ച ഇന്നത്തെ അവസ്ഥയില്‍ വിഷമമനുഭവിക്കുന്ന എല്ലാ മനുഷ്യര്‍ക്കും ആശ്വാസമേകുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും വേണം.

SHARE