ദുരന്ത താണ്ഡവമായി കൊറോണ മരണം 490

ബീജിങ്: കൊറോണ വൈറസ് ബാധ പിടിച്ചു നിര്‍ത്താനാവാതെ ചൈന. ഇന്നലെ മാത്രം രോഗം ബാധിച്ച് ചൈനയില്‍ 65 പേരാണ് മരിച്ചത്. ഇതോടെ മരണം സംഖ്യ 490 ആയി ഉയര്‍ന്നു. രോഗത്തിന്റെ പ്രഭവ കേന്ദ്രമായ ഹൂബെ പ്രവിശ്യയിലെ വുഹാനിലാണ് മരണങ്ങളിലേറെയും. ചൈനക്ക് പുറത്ത് ഇതുവരെ രണ്ട് മരണങ്ങള്‍ മാത്രമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. അതിനിടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 24,324 ആയി ഉയര്‍ന്നു. 3,887 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ചൈനക്ക് പുറത്തും കൊറോണ വൈറസ് ബാധ കൂടുതല്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. എന്നാല്‍ ചൈനക്ക് പുറത്ത് 38 ശതമാനം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും ഡബ്ലു.എച്ച്.ഒ അറിയിച്ചു.
അതിനിടെ രോഗത്തിന് പുതിയ മരുന്ന് കണ്ടെത്തിയാതായുള്ള വാര്‍ത്തകള്‍ ലോകാരോഗ്യ സംഘടന നിഷേധിച്ചു. പുതുതായി കണ്ടെത്തിയ നോവല്‍ കൊറോണ വൈറസിന് നിലവില്‍ മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡബ്ലു.എച്ച്.ഒ വക്താവ് താരിഖ് യാസറെവിച് അറിയിച്ചു. ചൈനയിലെ ചെകിയാങ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കൊറോണ വൈറസ് ബാധക്കെതിരെ പുതിയ മരുന്ന് കണ്ടു പിടിച്ചതായി ചൈനീസ് ടിവി അവകാശപ്പെട്ടിരുന്നു. ഈ വാര്‍ത്ത ഏറ്റു പിടിച്ച് ബ്രിട്ടനിലെ സ്‌കൈ ന്യൂസും വലിയ നേട്ടമുണ്ടായതായി അവകാശപ്പെട്ട് വാര്‍ത്ത നല്‍കിയിരുന്നു. അതേ സമയം കൊറോണ വൈറസ് ബാധ നിയന്ത്രിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നിര്‍ണായക ഘട്ടത്തിലാണെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് അറിയിച്ചു.

SHARE