യു.എഇയില്‍ രണ്ട് മരണം; ഖത്തറില്‍ കൊറോണ ബാധിതര്‍ 470 ആയി

അശ്റഫ് തൂണേരി

ദോഹ: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ അനുദിനം കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടിവരുന്നതിനിടെ യു.എ.ഇയില്‍ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലായിരുന്ന രണ്ടുപരാണ് വെള്ളിയാഴ്ച രാത്രി മരണമടഞ്ഞത്. യൂറോപ്പില്‍ നിന്നെത്തിയ 78 വയസ്സുള്ള അറബ് പൗരനും 58 കാരനായ ഏഷ്യക്കാരനുമാണ് മരണമടഞ്ഞതെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യു.എ.ഇയില്‍ 140 കേസുകളാണ് ഇതേവരെ റിപ്പോര്‍ട്ട് ചെയ്തത്.

അതിനിടെ ഖത്തറില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത പത്തുകേസുകള്‍ ഉള്‍പ്പെടെ കൊറോണ ബാധിതര്‍ 470 ആയി ഉയര്‍ന്നു.ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തത് ഖത്തറിലാണ്. 9,916 പേരെ പരിശോധിച്ചതിനെത്തുടര്‍ന്നാണിതെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. സഊദി അറേബ്യയില്‍ 344 പേര്‍ക്കാണ് കൊറോണ കണ്ടെത്തിയത്. ബഹ്റൈനില്‍ 168, കുവൈത്ത് 159, ഒമാന്‍ 48 എന്നിങ്ങനെയാണ് മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളിലെ കണക്കുകള്‍.

ഖത്തറില്‍ മാര്‍ച്ച് എട്ടിനാണ് മൂന്നു പ്രവാസികളില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്. ഇറാനിലേക്കു പോയ സ്വദേശികള്‍ക്കൊപ്പമുള്ളവരായിരുന്നു ഇവര്‍. തൊട്ടടുത്ത ദിവസം മൂന്നു പേരില്‍ കൂടി വൈറസ് ബാധ കണ്ടെത്തി. ഈ ആറുപേരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആറുപേരിലും ആദ്യം കോവിഡ് സ്ഥിരീകരിച്ച പ്രവാസികളുമായി ഒരേ റസിഡന്‍ഷ്യല്‍ കോംപ്ലക്സില്‍ വാസസ്ഥലം പങ്കിട്ട 238 പ്രവാസികളിലുമായി രോഗം പടരുകയായിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം ഹോം ക്വാറന്റൈന്‍ ലംഘിച്ച 10 ഖത്തരികള്‍ക്കതിരെ കേസെടുത്തതായി അധികൃതര്‍ അറിയിച്ചു. സാമൂഹിക അകലം പാലിക്കാതിരിക്കുന്നതുള്‍പ്പെടെ വിലക്കുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്നോട്ടുപോവുമെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.

SHARE