ഇരുഹറമുകളെയും ഒഴിവാക്കി ; ജുമുഅയും ഉണ്ടാവില്ല സഊദിയിലും പള്ളികളില്‍ നിസ്‌കാരം നിര്‍ത്തിവെച്ചു

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ സമഗ്ര പദ്ധതിയുടെ ഭാഗമായി സഊദിയില്‍ പള്ളികളില്‍ വെച്ചുള്ള പ്രാര്‍ത്ഥനകള്‍ക്ക് നിയന്ത്രണം . ഇന്ന് മുതല്‍ പള്ളികളില്‍ വെച്ച് നിര്‍വഹിക്കുന്ന നിസ്‌കാരങ്ങളെല്ലാം വീട്ടില്‍ വെച്ച് നടത്താന്‍ സഊദിയിലെ പരമോന്നത പണ്ഡിത സഭ നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരവും ഉണ്ടായിരിക്കുന്നതല്ല. വിശുദ്ധ ഹറമുകള്‍ക്ക് ഈ നിയമം ബാധകമല്ല.മഹാമാരികളുണ്ടാകുന്‌പോള്‍ ജാഗ്രത പാലിക്കണമെന്നത് പ്രവാചക ചര്യയില്‍ പെട്ടതാണെന്നിരിക്കെ ശരീഅത്ത് അനുസരിച്ചു അനുവദനീയമാണെന്ന് പണ്ഡിത സഭ വ്യക്തമാക്കി. പള്ളികളില്‍ ബാങ്കുവിളി തുടരാനും നിസ്‌കാരം വീടുകളില്‍ വെച്ച് നടത്താനുമാണ് നിര്‍ദേശം. രാജ്യത്തെ ആയിരകണക്കിന് പള്ളികളില്‍ ഇതോടെ നിയന്ത്രണമാകും. നേരത്തെ കുവൈറ്റ് , യു എ ഇ, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ ആരാധനാലയളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ക്രമാതീതമായി വര്‍ധിക്കുന്ന കോവിഡ് 19 നിയന്ത്രണവിധേയമാക്കാനുള്ള പഴുതടച്ച നടപടികളാണ് സഊദി ഭരണകൂടം സ്വീകരിക്കുന്നത്.
അതിനിടെ ഇന്നലെ പുതുതായി പതിനഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിതീകരിച്ചതോടെ കൊറോണ ബാധിതരുടെ എണ്ണം 133 ആയി. കിഴക്കന്‍ പ്രവിശ്യ, റിയാദ് , ജിദ്ദ, മക്ക എന്നിവിടങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ടത്

SHARE