കേരളത്തിന് ആശ്വാസം; കൊറോണ ബാധിച്ച മലയാളി വിദ്യാര്‍ത്ഥിനി രോഗവിമുക്തയാവുന്നു

തൃശൂര്‍: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനി രോഗ വിമുക്തയായെന്ന് ആരോഗ്യ വകുപ്പ്. വിദ്യാര്‍ത്ഥിനിയുടെ ഏറ്റവും ഒടുവിലത്തെ പരിശോധനാഫലം നെഗറ്റീവെന്ന് പുതിയ ഫലം. ഈ വിദ്യാര്‍ഥിനിയുടെ അടുത്ത ഫലം കൂടി നെഗറ്റീവ് ആയാല്‍ തുടര്‍നടപടികള്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കാനാണ് സര്‍ക്കാര്‍ നീക്കം. എട്ടിന് ഒരു സാമ്പിള്‍ കൂടി പരിശോധന ക്ക് അയച്ചിട്ടുണ്ട്. അതേസമയം, നിലവില്‍ ആശങ്കയുടെ സ്ഥിതി ഇല്ലെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.
അതേസമയം, രോഗലക്ഷണങ്ങളോടെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ തൃശൂര്‍ ജില്ലയില്‍ ഏഴ് പേര്‍ ആശുപത്രികളില്‍ കഴിയുന്നു. ഇതില്‍ മൂന്ന് പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ട് പേര്‍ ചാലക്കുടിയിലും ഒരാള്‍ കൊടുങ്ങല്ലൂരിലും ഒരാള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ്. 248 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഇന്നലെ പരിശോധനയ്ക്കായി മൂന്ന് സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. 57 പേരുടേതായി 83 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. അതില്‍ 75 സാമ്പിളുകളുടെയും പരിശോധനാഫലം ലഭിച്ചു. നിലവില്‍ ആലപ്പുഴയിലേക്കാണ് സാമ്പിളുകള്‍ അയക്കുന്നത്.
സാമ്പിളുകളില്‍ പുതിയ പോസിറ്റീവ് ഫലം ഒന്നുമില്ല. സാമൂഹ്യമാധ്യമമായ വാട്ട്സാപ്പില്‍ കുന്ദംകുളത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി വ്യാജവാര്‍ത്ത അയച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഇന്നലെ രണ്ട് പേരെ തൃശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് തളിക്കുളം മൂത്തേഴത്ത് ഹൂസില്‍ ബിപീഷ് (26), ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി താനിശ്ശേരി മൂത്തേഴത്ത് ഹൗസില്‍ പ്രദോഷ് (52) എന്നിവരെയാണ് അറസ്റ്റ് ചെയതത്. ഇതോടെ, കൊറോണ ബാധയുമായി ബന്ധപ്പെട്ട വ്യാജസന്ദേശം പ്രചരിപ്പിച്ചതിന് റൂറല്‍ പോലീസിന് കീഴില്‍ നാല് കേസിലായി നാല് പേരും സിറ്റി പോലീസിന് കീഴില്‍ രണ്ട് കേസിലായി എട്ട് പേരുമടക്കം 12 പേര്‍ അറസ്റ്റിലായി.

SHARE