കൊറോണ പ്രോട്ടീന്‍ ദുരൂഹത സൂപ്പര്‍ കമ്പ്യൂട്ടറില്‍ തെളിഞ്ഞു; വാക്‌സിന്‍ ഇനി അതിവേഗം

ലണ്ടന്‍: പുതിയ കൊറോണ വൈറസായ സാര്‍സ് കോവ് 2 മനുഷ്യശരീരത്തെ ആക്രമിക്കുന്നതിനു പ്രധാനമായും ഉപയോഗിക്കുന്ന സ്‌പൈക്ക് (എസ്) പ്രോട്ടിന്റെ മുഴുവന്‍ ആറ്റങ്ങളെയും മാപ് ചെയ്ത് ഗവേഷകര്‍. മനുഷ്യ ശരീരത്തിലെ ചില പ്രത്യേക കോശങ്ങളെ കണ്ടെത്തി ‘ബന്ധം’ സ്ഥാപിക്കുന്നതിന് കൊറോണവൈറസ് ഉപയോഗിക്കുന്നത് സ്‌പൈക്ക് പ്രോട്ടിനുകളെയാണ്. അങ്ങനെയാണ് വൈറസ് ശരീരത്തിലേക്കു പ്രവേശിക്കുന്നതും. അതിനാല്‍ത്തന്നെ കോവിഡ് വാക്‌സിന്‍ നിര്‍മാതാക്കളുടെ പ്രധാന ലക്ഷ്യം ഈ സ്‌പൈക്ക് പ്രോട്ടിനെ നശിപ്പിക്കുകയെന്നതാണ്. ഇതുവരെ വൈറസ് ‘ഒളിപ്പിച്ചുവച്ചിരുന്ന’ എസ് പ്രോട്ടിനുകളുടെ ദുരൂഹ സ്വഭാവമാണ് ഇപ്പോള്‍ ലോകത്തിനു മുന്നില്‍ തെളിഞ്ഞിരിക്കുന്നത്.

ഒരു മുഴുനീള സ്‌പൈക്ക് പ്രോട്ടിന്റെ എല്ലാ ആറ്റങ്ങളെയും മാപ് ചെയ്യുക മാത്രമല്ല അത് ലോകത്തുള്ള ഏതു ഗവേഷക സ്ഥാപനത്തിനും ലഭ്യമാകും വിധം ഓപണ്‍ സോഴ്‌സും ചെയ്തിരിക്കുകയാണിപ്പോള്‍ ഒരു കൂട്ടര്‍ വിദഗ്ധര്‍. ദക്ഷിണ കൊറിയ, യുഎസ്, യു.കെ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഗവേഷകരാണ് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഇതു സാധ്യമാക്കിയത്. ദക്ഷിണ കൊറിയയിലെ സൂപ്പര്‍ കംപ്യൂട്ടറായ ന്യൂറിയോണ്‍ വരെ ഈ മോഡലിങ് പരീക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. കോവിഡ് രോഗത്തിനെതിരെ വാക്‌സിനും മറ്റു മരുന്നുകളും കണ്ടുപിടിക്കുന്നതില്‍ നിര്‍ണായക ചുവടുവയ്പാകും ഈ ആറ്റം മോഡലിങ്.

എസ് പ്രോട്ടിനുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലായിനം ഗ്ലൈക്കനുകളുടെ (കാര്‍ബോഹൈഡ്രേറ്റ് ഘടകങ്ങള്‍) മോഡലുകളും ഇതോടൊപ്പം ഗവേഷകര്‍ തയാറാക്കിയെടുത്തതും വാക്‌സിന്‍ നിര്‍മാണത്തില്‍ ഏറെ പ്രാധാന്യമേറിയ മുന്നേറ്റമാണ്.

SHARE