കൊറോണാ വൈറസ്: വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശനനടപടി

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയ മൂന്ന് പേരെ തൃശൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുപീടിക പുഴങ്കര ഇല്ലത്ത് വീട്ടില്‍ ഇബ്രാഹിം മകന്‍ ഷാഫി (35), പെരിഞ്ഞനം അമ്പലത്ത് വീട്ടില്‍ സിറാജുദ്ദീന്‍ (37) എന്നിവരെ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസും പഴയന്നൂര്‍ വടക്കേത്തറ കുന്നത്ത് വീട്ടില്‍ ശബരി (28) എന്നയാളെ പഴയന്നൂര്‍ പൊലീസുമാണ് അറസ്റ്റ് ചെയ്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 268, 505(1)(ബി) വകുപ്പുകളും കേരള പൊലീസ് ആക്ടിലെ 120 (ഛ) വകുപ്പുമനുസരിച്ചാണ് അറസ്റ്റ്. സാമൂഹ്യ മാധ്യമത്തിലൂടെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച പുനല്ലൂര്‍ സ്വദേശി അനീഷ് ജോര്‍ജ്ജിനെതിരെ മതിലകം പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായവരുടെ പോസ്റ്റുകള്‍ ഫോര്‍വേഡ് ചെയ്ത ആറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട് ഇവരും കേസില്‍ പ്രതിയാവും.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ സംബന്ധിച്ച് എന്തെങ്കിലും പരാമര്‍ശം നടത്തുന്നതും സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുന്നതും കുറ്റകരമാണ്. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്. ആരോഗ്യവകുപ്പിന്റെ സന്ദേശങ്ങള്‍ മാത്രം പ്രചരിപ്പിക്കുക.

SHARE