കൊറോണ: പ്രതി വവ്വാല്‍ തന്നെയോ?; ചൈനയിലെ ഭക്ഷണ ശുചിത്വവും കാരണമാവുന്നു

കൊറോണ: പ്രതി വവ്വാല്‍ തന്നെയോ?; ചൈനയിലെ ഭക്ഷണ ശുചിത്വവും കാരണമാവുന്നു

ബെയ്ജിങ്: കൊറോണ വൈറസ് രോഗം ചൈനക്ക് പിന്നാലെ മറ്റു രാജ്യങ്ങളില്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതയോടെ ലോക ആരോഗ്യ സംഘടനയായ ഡബ്ല്യൂ.എച്ച്.ഒ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. നോവല്‍ കൊറാണ വൈറസിന്റെ ഉറവിടം കണ്ടെത്താനും എതിരേ മരുന്ന് വികസിപ്പിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രധാനലാബുകളില്‍ 24 മണിക്കൂറും പരീക്ഷണങ്ങളാണ് നടക്കുന്നത്.

ചൈനയില്‍ പടര്‍ന്നുപിടിച്ച വൈറസ് നിപ്പക്ക് പിന്നാലെ കേരളത്തിലും എത്തിയതോടെ രോഗത്തെ കുറിച്ചുള്ള ആശങ്കയും വര്‍ദ്ധിച്ചിരിക്കുകയാണ്.

2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍നിന്ന് നിന്നാണ് വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇവടെ രോഗം പടര്‍ന്നവരില്‍ നിന്നുതന്നെയാണ് ആദ്യ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വ്യത്യസ്ത ഭക്ഷണ രീതിയുള്ള ചൈനയിലെ സീഫുഡ് മാര്‍ക്കറ്റില്‍നിന്നുമാണ് രോഗം പടര്‍ന്നതെന്നാണ് വിവരം. പാമ്പുകള്‍ യഥേഷ്ടം ലഭിക്കുന്ന മാര്‍ക്കറ്റ് ആയതിനാല്‍ തന്നെ അവ കഴിച്ചവിരിലാണ് രോഗം പടര്‍ന്നതെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍, കൊറോണ വൈറസും നിപ്പപോലെ വവ്വാലുകളില്‍നിന്നുതന്നെയാണെന്നാണ് ഇപ്പോള്‍ ശാസ്ത്രലോകം പറയുന്നത്.

പുതിയ പഠനവിവരങ്ങളനുസരിച്ച് വൈറസിന്റെ ഉറവിടം വവ്വാലാണെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ പ്രൊഫസര്‍ ഗ്വിഷെന്‍ വു പറഞ്ഞു. വവ്വാലില്‍നിന്ന് പടര്‍ന്ന, സാര്‍സിന് കാരണമായ രണ്ട് കൊറോണ വൈറസുകളോട് സമാനമായവയാണ് വുഹാനിലെ രോഗികളില്‍ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വുഹാനിലെ സീഫുഡ് മാര്‍ക്കറ്റില്‍ വവ്വാലും യഥേഷ്ടം ലഭിക്കുന്ന ഒരു വിഭവമാണ്. നിപ്പ വവ്വാല്‍ കഴിച്ച പഴങ്ങളില്‍ നിന്നാണ് പടന്നതെങ്കില്‍ ചൈനക്കാരില്‍ കൊറൊണ വൈറസ് രോഗം വവ്വാലില്‍ നിന്നും നേരിട്ടുതന്നെ പടര്‍ന്നതാണെന്ന് അനുമാനിക്കേണ്ടിവരും. എന്തും വേവിക്കാതെ പോലും കഴിക്കുന്ന അവരുടെ ഭക്ഷണ രീതിയും ഭ്ക്ഷണത്തിലെ ശുചിത്വമില്ലായ്മയുമാണ് ഇവിടെ പ്രശ്‌നമായി വിലയിരുത്തുന്നത്.

ഇവര്‍ ഭക്ഷണമാക്കുന്ന ഇത്തരം ജീവികളില്‍ നിന്നാവാം ആദ്യം വൈറസ് മനുഷ്യനിലേക്ക് പടര്‍ന്നതെന്നും നാഷണല്‍ കീ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഓഫ് ചൈന, ഷാന്‍ഡോങ് ഫസ്റ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, ചൈനീസ് അക്കാദമി ഓഫ് സയന്‍സസ്, നാഷണല്‍ മേജര്‍ പ്രോജക്ട് ഫോര്‍ കണ്‍ട്രോള്‍ ആന്‍ പ്രിവന്‍ഷന്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ഇന്‍ ചൈന എന്നിവയിലെ വിദഗ്ധര്‍ പറയുന്നുണ്ട്.

തുടക്കത്തില്‍ വവ്വാലുകളെ സംശയിച്ചിരുന്നെങ്കിലും കൂടുതല്‍ പരിശോധനകളില്‍ ഉരഗവര്‍ഗത്തില്‍നിന്നാണെന്ന് മനസ്സിലായെന്നായിരുന്നു ജേണല്‍ ഓഫ് മെഡിക്കല്‍ വൈറോളജി ആദ്യം പറഞ്ഞത്. വുഹാനില്‍ കണ്ടെത്തിയ വൈറസിന്റെ ജനിതകഘടന മുമ്പ് കണ്ടെത്തിയ കൊറോണ വൈറസുകളുടേതിന് സമാനമാണ്. അവയുടെ ഉറവിടം വവ്വാലുകളായിരുന്നെന്ന് ഇക്കോഹെല്‍ത്ത് അലയന്‍സ് പ്രസിഡന്റ് ഡോ. പീറ്റര്‍ ഡസാക്ക് പറഞ്ഞു. സാര്‍സ്, മെര്‍സ്, റാബീസ്, നിപ തുടങ്ങിയ രോഗങ്ങളുടെയും ഉറവിടം വവ്വാലുകളായിരുന്നു.

അതേസമയം, ഭക്ഷണത്തിലെ സംശയം ഉയര്‍ന്നതോടെ ചൈനയിലെ ഭക്ഷണവിതരണരംഗത്തെ ഭീമന്‍മാരായ മക്‌ഡൊണാള്‍ഡ്‌സ് വരെ പൂട്ടിയതായാണ് വിവരം. ചൈനയിലെ ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും ഫാക്ടറികളും ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്.

നിപയെ പരാജയപ്പെടുത്തിയ കേരളത്തില്‍ സ്ഥിരീകരിച്ച കൊറോണ വൈറസില്‍ നമ്മള്‍ക്ക് ഭയമല്ല, മറിച്ച് ജാഗ്രതയാണ് വേണ്ടത്.
അന്നു പഠിച്ച പാഠങ്ങളും മുന്‍കരുതലുകളും മറക്കാതിരിക്കാം.

സാധാരണ ജലദോഷപ്പനി മുതല്‍ സാര്‍സ് (സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം), മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) എന്നിവയുള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്കുവരെ കാരണമാകുന്ന വൈറസുകളുടെ കുടുംബമാണ് കൊറോണ. ചൈനയിലെ നോവല്‍ കൊറോണ ഉള്‍പ്പടെ ഏഴുതരം കൊറോണ വൈറസുകളെയാണ് ഇതുവരെ ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുള്ളത്. പുതിയയിനം വൈറസിന്റെ ഉറവിടം ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ല. മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും പകരുന്ന സൂണോട്ടിക് വൈറസാണ് കൊറോണ. ജനിതകഘടകം ആര്‍.എന്‍.എ. (റൈബോന്യൂക്ലിക് ആസിഡ്) ആയ വൈറസാണ് കൊറോണ. സൂര്യന്റെ പ്രഭാവലയത്തോട് രൂപസാദൃശ്യമുള്ളതിനാലാണ് ഈ വൈറസുകള്‍ക്ക് കൊറോണയെന്ന പേരുകിട്ടിയത്.

പനി, ചുമ, ശ്വാസതടസ്സം, കൂടിയ ഹൃദയമിടിപ്പ്, നെഞ്ചുവേദന, വിറയല്‍, ന്യുമോണിയ, വൃക്കസംബന്ധമായ തകരാര്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

NO COMMENTS

LEAVE A REPLY