കോവിഡിന് കാരണമായ വൈറസ് ലാബിലുണ്ടായതാണെന്ന് നോബല്‍ ജേതാവായ ഫ്രഞ്ച് ശാസ്ത്രജ്ഞന്‍

കോവിഡ് 19 രോഗത്തിന് കാരണമായ സാര്‍സ് കോവ് 2 വൈറസ് ലാബിലുണ്ടായതാണെന്ന അവകാശവാദവുമായി നോബല്‍ ജേതാവായ ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ ലൂക്ക് മൊണ്ടേനീര്‍. ഫ്രഞ്ച് സി ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ലൂക്ക് ഇത്ര ഗുരുതരമായ ആരോപണം ഉന്നയിച്ചത്. എയിഡ്‌സിനെതിരായ വാക്‌സിന്‍ നിര്‍മ്മാണ ശ്രമത്തിന്റെ ഫലമായാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ ആരോപണത്തെ സഹപ്രവര്‍ത്തകരായ ശാസ്ത്രജ്ഞര്‍ തള്ളി.എച്ച്‌ഐവിയുടെ ജനിതക ഘടനയും മലേറിയ സൂക്ഷ്മ ജീവികളുടെ ഘടകങ്ങളും കൊറോണ വൈറസില്‍ കാണാന്‍ കഴിഞ്ഞെന്നാണ് ഈ വാദത്തിന് അനുകൂലമായി ലൂക്ക് നല്‍കുന്ന ന്യായീകരണം. എയിഡ്‌സിന് കാരണമായ എച്ച്‌ഐവി കണ്ടെത്തിയ ശാസ്ത്രജ്ഞരില്‍ ഒരാളാണ് ലൂക്ക്. ഈ കണ്ടുപിടുത്തമാണ് അദ്ദേഹത്തെ നൊബേല്‍ സമ്മാനത്തിനര്‍ഹമാക്കിയതും.
അതേസമയം കൊറോണ വൈറസ് ലാബിലുണ്ടായതാണെന്ന പ്രൊഫസര്‍ ലൂക്കിന്റെ അവകാശവാദത്തിനെതിരേ കടുത്ത വിമര്‍ശനമാണ് സഹപ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.

‘ഡോ. മോണ്ടേനീര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അവിശ്വസനീയമാംവിധം താഴോട്ടാണ് പോവുന്നത്. ഹോമിയോപ്പതിയെ പ്രതിരോധിച്ച് സംസാരിക്കുന്നതില്‍ നിന്ന് തുടങ്ങി വാക്‌സിന്‍ വിരുദ്ധതയില്‍ വരെ അദ്ദേഹം എത്തിയിരിക്കുകയാണ്.അദ്ദേഹമെന്ത് പറഞ്ഞാലും നിങ്ങളത് വിശ്വസിക്കരുത്’, എന്നാണ് ലൂക്കിന്റെ സഹപ്രവര്‍ത്തകനും ശാസ്ത്രജ്ഞനുമായ ജുവാന്‍ കാര്‍ലോസ് ഗബാല്‍ഡണ്‍ ട്വീറ്റ് ചെയ്തത്.
എന്നാല്‍ കൊറോണ രോഗവ്യാപനം പൊട്ടിപ്പുറപ്പെട്ട കാലം മുതല്‍ക്കു തന്നെ വുഹാനിലെ ലാബില്‍ നിന്ന് വൈറസ് പുറത്തു കടന്നതാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്തു വന്നിരുന്നു.

SHARE