സി.ഒ.ടി നസീര്‍ ആക്രമിക്കപ്പെട്ടിട്ട് ഒരു വര്‍ഷം കഴിയുമ്പോഴും ഷംസീറിനെ ചോദ്യം ചെയ്യാതെ പൊലീസ്

കോഴിക്കോട്: സിപിഎം പ്രവര്‍ത്തകനായ സി.ഒ.ടി നസീര്‍ ആക്രമിക്കപ്പെട്ടിട്ട് ഒരു വര്‍ഷം കഴിയുമ്പോഴും കേസില്‍ ആരോപണ വിധേയനായ എ.എന്‍ ഷംസീറിനെ ചോദ്യം ചെയ്യാതെ പൊലീസ്. സിപിഎമ്മുമായി അകന്ന നസീറിനെ ഷംസീറിന്റെ നേതൃത്വത്തിലുള്ളവരാണ് ആക്രമിച്ചതെന്നാണ് ആരോപണം ഉയര്‍ന്നത്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ കുറ്റപത്രം തയ്യാറാക്കാതെ പൊലീസ് ഒളിച്ചുകളിക്കുകയാണ്.

തനിക്കു നേരെയുള്ള ആക്രമണത്തിന് പിന്നില്‍ എ.എന്‍ ഷംസീറാണന്ന സി.ഒ.ടിയുടെ മൊഴി പുറത്തുവന്നിരുന്നു. സി.പി.എം മുന്‍ ഏരിയ കമ്മറ്റി ഓഫീസ് സെക്രട്ടറിയും എം.എന്‍ ഷംസീറിന്റെ സന്തത സഹചാരിയുമായ എന്‍.കെ രാഗേഷാണ് നസീറിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് മുഖ്യപ്രതി പൊട്ടി സന്തോഷ് പോലീസിന് മൊഴി നല്‍കി.

ഷംസീറിന്റെ സഹോദരന്‍ എ.എന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുളള കെ.എല്‍7 സി.ഡി 6887 നമ്പര്‍ ഇന്നോവ കാറില്‍ വെച്ചാണ് ഗൂഡാലോചന നടന്നതെന്നും സന്തോഷ് പോലീസിനോട് വെളിപ്പെടുത്തി. ചോനാടം കിന്‍ഫ്ര പാര്‍ക്കിനടുത്ത് വെച്ചും കുണ്ടുചിറ െ്രെഡവിങ് ടെസ്റ്റ് മൈതാനത്തിനടുത്ത് വെച്ചുമായിരുന്നു ഗൂഡാലോചന. എ.എന്‍ ഷംസീര്‍ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനം കൂടിയാണിത്. ഇതിനൊപ്പം സംഭവം നടന്ന ദിവസവും തൊട്ടുത്ത ദിവസങ്ങളിലും ഷംസീര്‍ സന്തോഷിനെയും രാഗേഷിനെയും നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും പോലീസ് കണ്ടെത്തി.

ഇതിനിടെ കേസ് അന്വേക്ഷിച്ച സി.ഐയും എസ്.ഐയും സ്ഥലം മാറി. പുതിയ അന്വേക്ഷണ ഉദ്യോഗസ്ഥന്‍ എത്തിയെങ്കിലും അന്വേക്ഷണം മാത്രം മുന്നോട്ടുപോയില്ല. ഇതിനിടെ പ്രതിപക്ഷ കക്ഷികള്‍ വിഷയം ഏറ്റെടുത്തു. ഗൂഢാലോചന നടന്നതായി പറയപ്പെടുന്ന വാഹനം പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല.

സംഭവം നടന്ന് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും കുറ്റപത്രം സമര്‍പ്പിക്കാനോ ആരോപണ വിധേയനായ എം.എല്‍.എയെ ചോദ്യം ചെയ്യാനോ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ കുറ്റപത്രം വൈകിയതോടെ കേസില്‍ അറസ്റ്റിലായ ഒന്‍പത് പേര്‍ക്കും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ഫോറന്‍സിക്,സൈബര്‍ പരിശോധനാ ഫലങ്ങള്‍ വൈകിയതാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ താമസം നേരിട്ടതിന്റെ കാരണമെന്നാണ് പോലീസ് ഭാഷ്യം.

SHARE