ബ്രൂവറി അഴിമതി: പിണറായി അടക്കമുള്ളവര്‍ക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ വിധി 11ന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കും അബ്കാരി നിയമങ്ങള്‍ക്കും ടെന്‍ഡര്‍ ചട്ടങ്ങള്‍ക്കും വിരുദ്ധമായി സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം നിര്‍മ്മിക്കാനായി ബ്രൂവറി ഡിസ്റ്റിലറി യൂണിറ്റ് തുടങ്ങാന്‍ ഉത്തരവിറക്കിയതിന് മുഖ്യമന്ത്രിയടക്കം 7 പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ്‌കോടതി അടുത്ത മാസം 11 ന് ഉത്തരവ് പുറപ്പെടുവിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹര്‍ജിക്കാരന്‍. കോടതി നിര്‍ദേശ പ്രകാരം മറ്റൊരു വ്യക്തി സമാന ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്‍മേലുള്ള ഉത്തരവ് ചെന്നിത്തലക്ക് വേണ്ടി അഭിഭാഷകന്‍ ഹാജരാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്‍ ,എക്‌സൈസ് മന്ത്രി പി. രാമകൃഷ്ണന്‍, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, കണ്ണൂര്‍, തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലെ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാരായ സി.കെ.സുരേഷ്, നാരായണന്‍ കുട്ടി, ജേക്കബ് ജോണ്‍, എ.എസ്.രഞ്ജിത് എന്നിവര്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കണമെന്നാണ് ഹര്‍ജി. സ്‌റ്റോഴ്‌സ് പര്‍ച്ചേസ് മാന്വലിന് വിരുദ്ധമായി പത്രപ്പരസ്യം നല്‍കി ടെന്‍ഡര്‍ ക്ഷണിക്കാതെയും രഹസ്യമായാണ് അഴിമതി കരാര്‍ നല്‍കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. പ്രോസിക്യൂഷന്‍ അനുമതി തേടി താന്‍ ഗവര്‍ണ്ണര്‍ക്ക് നല്‍കിയ അപേക്ഷയില്‍ ഗവര്‍ണ്ണര്‍ തീരുമാനമെടുക്കാനിരുന്ന വേളയിലാണ് ബ്രൂവറി യൂണിറ്റിനുള്ള അനുമതി റദ്ദാക്കിയത്. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ഉദ്യോഗസ്ഥരും അബ്കാരികളുമായി ഗൂഡാലോചന നടത്തിയാണ് അഴിമതിക്കരാര്‍ നല്‍കിയത്.
എറണാകുളം പവര്‍ ഇന്‍ഫ്രാടെക് െ്രെപവറ്റ് കമ്പനി, പാലക്കാട് അപ്പോളോ ഡിസ്റ്റിലറി സ് ആന്റ് ബ്രൂവറീസ് കമ്പനി, കൊച്ചി ശ്രീചക്രാ ഡിസ്റ്റിലറി കമ്പനി, കണ്ണൂര്‍ ശ്രീധരന്‍ ബ്രൂവറി കമ്പനി എന്നിവക്കാണ് ചട്ടം ലംഘിച്ച് അനുമതി നല്‍കിയത്. ഇവരില്‍ നിന്ന് മാത്രം രഹസ്യമായി അപേക്ഷ സ്വീകരിച്ച് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ മാര്‍ക്ക് സാധ്യതാ റിപ്പോര്‍ട്ടിനായി കൈമാറുകയായിരുന്നു. കമ്മീഷണര്‍മാര്‍ യാതൊരു സാധ്യതാ പഠനവും നടത്താതെ സ്ഥലം പോലും തിരിച്ചറിയാതെയും പരിസ്ഥിതിക ആഘാത പഠനം നടത്താതെയും പ്രതികളുമായി ഗൂഡാലോചന നടത്തി അനുകൂല റിപ്പോര്‍ട്ട് നല്‍കി. വ്യവസായ വകുപ്പ് അറിയാതെ വ്യവസായ വകുപ്പ് ഉമസ്ഥതയിലുള്ള കൊച്ചി കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍പാര്‍ക്കിന്റെ 10 ഏക്കര്‍ ഭൂമി പവര്‍ ഇന്‍ഫ്രാടെക് കമ്പനിക്ക് നല്‍കാന്‍ 2018 സെപ്റ്റബര്‍ 5 ന് എക്‌സൈസ് മന്ത്രി ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പും കോടതിയില്‍ ഹാജരാക്കി. 7 പ്രാമാണിക രേഖകളും 8 പേരടങ്ങുന്ന സാക്ഷിപ്പട്ടികയും ഹാജരാക്കിയിട്ടുണ്ട്.

SHARE