ഹൈക്കോടതി വിധി ഡി.എം.കെക്ക് അനുകൂലം: കരുണാനിധിക്ക് മറീന ബീച്ചില്‍ അന്ത്യ വിശ്രമം

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ കരുണാനിധിയുടെ അന്ത്യവിശ്രമം സംബന്ധിച്ച ഹര്‍ജിയില്‍ ഡി.എം.കെക്ക് അനുകൂലമായി മദ്രാസ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. ഡി.എം.കെയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. സംസ്‌കാരം അണ്ണാദൂരൈ സമാധിക്കു സമീപം വൈകിട്ട് നടക്കും.

സംസ്ഥാന സര്‍ക്കാറിന്റെ വാദം തള്ളികൊണ്ടാണ് കോടതി സുപ്രധാന വിധി പ്രഖ്യാപിച്ചത്. മറീന ബീച്ചിലെ സംസ്‌കാരങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ നല്‍കിയവര്‍ തന്നെ രാവിലെയോടെ പിന്‍വലിച്ചിരുന്നു. ട്രാഫിക് രാമസ്വാമിയുടേതടക്കം ആറ് ഹര്‍ജികളാണ് പിന്‍വലിച്ചത്.

മദ്രാസ് ഹൈക്കോടതി ഹര്‍ജികള്‍ തള്ളുമെന്ന സാഹചര്യം ഉടലെടുത്തതോടെയാണ് ഹര്‍ജികള്‍ പിന്‍വലിച്ചത്. എതിര്‍പ്പില്ലെന്ന് എഴുതി നല്‍കാന്‍ ട്രാഫിക് രാമസ്വാമിയോട് കോടതി ആവശ്യപ്പെട്ടിരുന്നു.

SHARE