സംസ്ഥാനത്ത് ലോക്ഡൗണ്‍: 28 പേര്‍ക്കു കൂടി കോവിഡ്; 25 പേരും ദുബായില്‍ നിന്ന് വന്നവര്‍

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്കു കൂടി കോവിഡ് ബാധ കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ 25 പേരും ദുബായില്‍ നിന്നും വന്നവരാണ്. അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം അനിതരസാധാരണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മാര്‍ച്ച് 31 വരെയാണ് ലോക്ക് ഡൗണ്‍. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ അടയ്ക്കില്ല. പൊതുഗതാഗതം പൂര്‍ണമായി നിര്‍ത്തും. പെട്രോള്‍ പമ്പുകള്‍, ആശുപത്രികള്‍ എന്നീ സര്‍വീസുകള്‍ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യവാഹനങ്ങള്‍ റോഡിലിറങ്ങാന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 95 ആയി. കാസര്‍കോട് 19 എറണാകുളം 2, കണ്ണൂര്‍ 5എന്നിങ്ങനെയാണ് കണക്കുകള്‍.

കോഴിക്കോട് ഒരാള്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിക്കാണ് കൊറോണ ബാധ ഉണ്ടായിരിക്കുന്നത്. ഇതോടെ ജില്ലയില്‍ മാത്രം മൂന്നുപേരാണ് കൊറോണ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

ഇദ്ദേഹം വിദേശത്ത് നിന്ന് വന്നയാളാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വരും മണിക്കൂറില്‍ ഇത് സംബന്ധിച്ച് വ്യക്തത വരുമെന്നാണ് അറിയുന്നത്. നിലവില്‍ ജില്ലയില്‍ 8408 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നുമാത്രം പുതുതായി 263 പേരാണ് നിരീക്ഷണ പട്ടികയില്‍ ഇടംപിടിച്ചത്.

SHARE