കൊറോണ മൃഗങ്ങളിലേക്കും; ന്യൂയോര്‍ക്കില്‍ കടുവയ്ക്ക് കൊറോണ- ആഫ്രിക്കന്‍ സിംഹങ്ങളിലും രോഗലക്ഷണം

ന്യൂയോര്‍ക്ക്: കോവിഡ് വൈറസ് മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലെത്തിയെന്ന് ആശങ്ക. യു.എസിലെ ന്യൂയോര്‍ക്കില്‍ ബ്രോണ്‍ക്‌സ് സൂ എന്ന മൃഗശാലയിലെ കടുവയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. യു.എസ് നാഷണല്‍ വെറ്റിനറി സര്‍വീസ് ലബോറട്ടറിയിലാണ് കടുവയുടെ സ്രവസാമ്പിള്‍ പരിശോധന നടത്തിയത്.
നാദിയ എന്നു പേരുള്ള നാലു വയസുകാരി മലയന്‍ പെണ്‍ കടുവയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ചുമ ശ്രദ്ധയില്‍പ്പെട്ടതോടെ പരിശോധന നടത്തുകയായിരുന്നു. മറ്റ് മൂന്ന് കടുവകളിലും മൂന്ന് ആഫ്രിക്കന്‍ സിംഹങ്ങളിലും രോഗലക്ഷണം പ്രകടമായിട്ടുണ്ട്. ഏറെ ആശങ്കയ്ക്ക് വക നല്‍കുന്നതാണ് മൃഗങ്ങളിലേക്കുള്ള വൈറസിന്റെ വ്യാപനം. മനുഷ്യനില്‍ നിന്ന് ഒരു വന്യജീവിയിലേക്ക് വൈറസ് പകരുന്ന ആദ്യമാണ്.


കടുവയിലേക്ക് രോഗം പകര്‍ന്നത് മൃഗശാല ജീവനക്കാരില്‍ നിന്നാകാമെന്നാണ് നിഗമനം. മാര്‍ച്ച് മധ്യത്തോടെ മൃഗശാല രോഗപ്പകര്‍ച്ച തടയുന്നതിനായി അടച്ചിട്ടിരുന്നതാണ്. അതേസമയം കടുവയില്‍ രോഗം സ്ഥിരീകരിച്ചതോടെ മൃഗങ്ങളെ പരിചരിക്കുന്നവര്‍ക്ക് അധികൃതര്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.