കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ആശുപത്രിക്ക് പുറത്ത് ഉപേക്ഷിച്ചു

ഭോപ്പാല്‍: ഭോപ്പാലില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ആശുപത്രിക്ക് പുറത്ത് ഉപേക്ഷിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഭോപ്പാലിലെ ആശുപത്രിയിലാണ് സംഭവം. ആംബുലന്‍സില്‍ നിന്ന് പി.പി.ഇ. കിറ്റ് ധരിച്ച രണ്ട് പേര്‍ സ്‌ട്രെച്ചറില്‍ മൃതദേഹം പുറത്തെടുക്കുകയും ആശുപത്രിയിലെ നടപ്പാതയ്ക്ക് സമീപം മൃതദേഹം ഉപേക്ഷിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. മൃതദേഹം നടപ്പാതയ്ക്ക് സമീപം ഉപേക്ഷിച്ച ശേഷം സ്‌ട്രെച്ചറുമായി ഇവര്‍ മടങ്ങിപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

വൈദ്യുത വിതരണ കമ്പനിയിലെ ജീവനക്കാരന്റെ മൃതദേഹമാണ് ആശുപത്രിയ്ക്ക് സമീപം ഉപേക്ഷിച്ചത്. വൃക്ക രോഗബാധയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇദ്ദേഹത്തിന് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ന്യൂമോണിയ ബാധ ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ചികിത്സയിലിരുന്ന ഭോപ്പാലിലെ പീപ്പിള്‍സ് ആശുപത്രിയില്‍ നിന്ന് കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഭോപ്പാലിലെ ചിരായൂ ആശുപത്രിയിലേക്ക് മാറ്റി.

എന്നാല്‍ രോഗിയുമായി ചിരായൂ ആസുപത്രിയിലേക്ക് പോയ ആംബുലന്‍സ് അല്‍പ്പ സമയത്തിനുശേഷം മടങ്ങിയെത്തി. ഇതിനകം മരിച്ച രോഗിയുടെ മൃതദേഹം ആശുപത്രിയ്ക്ക് സമീപം ഉപേക്ഷിച്ചു മടങ്ങിപ്പോകുകയായിരുന്നു എന്നാണ് പീപ്പിള്‍സ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. പ്രോട്ടോക്കോള്‍ പ്രകാരം ആണ് ചിരായൂ അശുപത്രിയില്‍ നിന്ന് രോഗിയെ കൊണ്ടുപോകാനായി ആംബുലന്‍സ് എത്തിയതെന്നും എന്നാല്‍ 40 മിനിട്ടിന് ശേഷം ആംബുലന്‍സ് മടങ്ങിയെത്തുകയാണെന്ന് തങ്ങളെ അറിയിച്ചുവെന്നും പീപ്പിള്‍സ് ആശുപത്രി മാനേജര്‍ ഉദയ് ശങ്കര്‍ ദീക്ഷിത് വ്യക്തമാക്കി.

എന്നാല്‍ ഇതിനകംതന്നെ തങ്ങള്‍ ആശുപത്രിയില്‍ ശുചീകരണം ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആംബുലന്‍സ് പുറത്ത് കാത്ത് നില്‍ക്കുമ്പോള്‍ ജീവനക്കാര്‍ തങ്ങളോട് സ്‌ട്രെച്ചര്‍ ആവശ്യപ്പെട്ടെങ്കിലും ഇത് ലഭ്യമാക്കാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും അവര്‍ മൃതദേഹം ഉപേക്ഷിച്ചു കടന്നു കളഞ്ഞു. തങ്ങളുടെ ജീവനക്കാരോട് പി.പി.ഇ. കിറ്റ് ധരിച്ച് രോഗിയെ പരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തിന് അപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നതായും ദീക്ഷിത് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ചിരായൂ ആശുപത്രി ഡയറക്ടര്‍ അജയ് ഗോയങ്ക പറയുന്നത് മറ്റൊരു വാദമാണ്. വൃക്ക തകരാറിലായ ഒരു രോഗിയുണ്ടെന്നും അദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നും ആംബുലന്‍സ് വേണമെന്നും ആവശ്യപ്പെട്ടാണ് പീപ്പിള്‍സ് ആശുപത്രിയില്‍ നിന്ന് തങ്ങളെ വിളിക്കുന്നത്. ഇത് അനുസരിച്ച് ഓക്‌സിജന്‍ നല്‍കാനുള്ള സൗകര്യമുള്ള ആംബുലന്‍സ് അയച്ചു. െ്രെഡവര്‍ രോഗിയുമായി ചിരായൂ ആശുപത്രിയിലേക്ക് തിരിച്ചു. വി.ഐ.പി. റോഡിലെത്തിയപ്പോള്‍ രോഗിയുടെ നില വഷളായതായി െ്രെഡവര്‍ക്ക് മനസിലായി ഗതാഗത കുരുക്കില്‍ പെട്ട് ചിരായൂ ആശുപത്രിയിലേക്ക് രോഗിയെ എത്തിക്കണമെങ്കില്‍ 45 മിനിട്ടെങ്കിലും എടുക്കും. ചിരായു ആശുപത്രിയിലേ ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷം പീപ്പിള്‍ ആശുപത്രിയിലേക്ക് തിരികെ പോകാന്‍ ആംബുലന്‍സ് െ്രെഡവര്‍ തീരുമാനിച്ചു. 20-25 മിനിട്ടിനുള്ളില്‍ ആംബുലന്‍സ് തിരികെ പീപ്പിള്‍സ് ആശുപത്രിയില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ അപ്പോഴേക്കും രോഗിമരിച്ചിരുന്നു. ഇതാണ് ചിരായു ആശുപത്രി നല്‍കുന്ന വിശദീകരണം.

ഭോപ്പാല്‍ കളക്ടര്‍ പീപ്പിള്‍ ആശുപത്രിയോട് സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണം ചോദിച്ചിട്ടുണ്ട്.

SHARE