രാജ്യത്ത് 24 മണിക്കൂറിനിടെ 32 കോവിഡ് മരണങ്ങള്‍


രാജ്യത്ത് കൊവിഡ് മരണനിരക്ക് കുത്തനെ കൂടുന്നു. 24 മണിക്കൂറിനിടെ 32 പേരാണ് മരിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. 773 പേര്‍ക്കാണ് 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 5000 കടന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തിലുണ്ടായിരുന്ന കൊവിഡ് രോഗികളുടെ എണ്ണത്തേക്കാള്‍ പല മടങ്ങ് ഇരട്ടിയാണ് ഇപ്പോള്‍ ഉള്ള രോഗികളുടെ എണ്ണം. രോഗബാധിതരുടെ എണ്ണത്തിലും രോഗ വ്യാപനത്തിന്റെ കാര്യത്തിലും വര്‍ധനവുണ്ട്. രാജ്യത്താകെ 5194 കൊവിഡ് പോസിറ്റീവ് കേസുകളാണ് ഉള്ളത്. 149 പേര്‍ ഇതുവരെ മരിച്ചു. 402 പേര്‍ രോഗമോചിതരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം, കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഉടന്‍ പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചന നല്‍കി. രാജ്യത്ത് സാമൂഹിക അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണുള്ളത്. കടുത്ത തീരുമാനങ്ങള്‍ വേണ്ടിവരുമെന്നും പ്രധാനമന്ത്രി സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ശനിയാഴ്ച ചേരും.