കോഴിക്കോട് സ്വദേശി കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു


കുവൈത്ത് സിറ്റി: കോഴിക്കോട് ഏലത്തൂര്‍ സ്വദേശിയും കുവൈത്ത് കെ.എം.സി.സി. കോഴിക്കോട് ജില്ലാ കൗണ്‍സിലറുമായ പറമ്പത്ത് ജുനൈദ് മന്‍സിലില്‍ ടി.സി.അബ്ദുല്‍ അഷ്റഫ് (55) കൊവിഡ് ബാധിച്ചു മരിച്ചു. അമീരി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രണ്ടാഴ്ചയോളമായി അമീരി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

കുവൈത്തിലെ നുസ്ഹ ജം ഇയ്യയില്‍ ജോലിചെയ്തുവരികയായിരുന്നു. ദീര്‍ഘ കാലമായി കുവൈത്ത് കെ.എം.സി.സി. യുടെ സജീവ പ്രവര്‍ത്തകനും നിലവില്‍ കോഴിക്കോട് ജില്ലാ കൗണ്‍സിലറുമായിരുന്നു. സംഘടനയുടെ എല്ലാ ജീവ കാരുണ്യ പ്രവര്‍ത്തനത്തിലും, കുവൈത്ത് പൊതുമാപ്പ് സമയത്ത് ഇന്ത്യന്‍ എംബസ്സി കെ.എം.സി.സി. കൗണ്ടറിലും സജീവമായിരുന്നുവെന്ന് കുവൈത്ത് കെ.എം.സി.സി. സംസ്ഥാന ഭാരവാഹികള്‍ അനുസ്മരിച്ചു.

പരേതനായ അഹമ്മദ് – ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ:താഹിറ, മകന്‍:ജുനൈദ്, സഹോദരങ്ങള്‍: ഷൗക്കത്തലി, ഫിറോസ് ഖാന്‍, ഷാഹിദ, നൂര്‍ജഹാന്‍, ഫരീദ.

കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം കുവൈത്തില്‍ തന്നെ ഖബറടക്കുമെന്ന് കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്തും ജനറല്‍ സെക്രട്ടറി എം.കെ.അബ്ദുള്‍ റസാഖ് പേരാമ്പ്രയും അറിയിച്ചു.

SHARE