ഇന്ത്യയില്‍ കോവിഡ് മരണനിരക്ക് 2.86: ആഗോളനിരക്ക് 6.36 ശതമാനം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് മരണനിരക്ക് ശരാശരി 2.86 ശതമാനം. ലോകത്ത് ശരാശരി മരണനിരക്ക് 6.36 ശതമാനമാണ്. രാജ്യത്ത് ആകെ 1,51,767 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 64,425 പേര്‍ രോഗമുക്തി നേടി. രോഗവുമായി പോരാടുന്നവരുടെ എണ്ണം 83,004 ആണ്. രാജ്യത്ത് രോഗമുക്തി നിരക്ക് 42.4% ആയി. ഇതുവരെ 32,42,160 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്നലെ മാത്രം 1,16,041 സാമ്പിളുകള്‍ പരിശോധിച്ചു. ആകെ കോവിഡ് മരണം 4337 ആയി.

54,758 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ത്തന്നെയാണ് ഏറ്റവുമധികം മരണങ്ങളും സംഭവിച്ചത്. 1792 പേരാണ് ഇതുവരെ മരിച്ചത്. തമിഴ്‌നാട്ടില്‍ ഇന്ന് 817 കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തു. ആറ് പേര്‍ ഇന്ന് മരണത്തിന് കീഴടങ്ങി. 18545 കേസുകളാണ് ഇതുവരെ തമിഴകത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 792 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ 14821 മധ്യപ്രദേശ് 7024, രാജസ്ഥാന്‍ 7680, കര്‍ണ്ണാടക 2405, ഉത്തര്‍പ്രദേശ് 2790, ഹിമാചല്‍ പ്രദേശ് 251, കേരളം 1004, ആസാം 774, മണിപ്പൂര്‍ 44 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകള്‍.

രാജ്യത്തെ കോവിഡ് പരിശോധനാകേന്ദ്രങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 435 സര്‍ക്കാര്‍ ലബോറട്ടറികളും 189 സ്വകാര്യ ലബോറട്ടറികളും ഉള്‍പ്പെടെ ആകെ 634 പരിശോധനാകേന്ദ്രങ്ങളാണ് ഉള്ളത്. 930 പ്രത്യേക കോവിഡ് ആശുപത്രികളും, 2,362 കോവിഡ് ആരോഗ്യ കേന്ദ്രങ്ങളും, 10,341 ക്വാറന്റീന്‍ കേന്ദ്രങ്ങളും, 7,195 കോവിഡ് കെയര്‍ സെന്ററുകളും സജ്ജമാണ്. കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍കും കേന്ദ്ര സ്ഥാപനങ്ങള്‍ക്കുമായി, 113.58 ലക്ഷം എന്‍ 95 മാസ്‌കുകളും, 89.84 ലക്ഷം വ്യക്തി സുരക്ഷാ ഉപകരണങ്ങളും (പിപിഇ) നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നു.

SHARE