കോവിഡ് ബാധിച്ച് വിദേശത്തും മുംബൈയിലുമായി മരിച്ചത് 18 മലയാളികള്‍

കൊറോണ വൈറസ് ബാധിച്ച് ലോകത്തെ വിവിധ രാജ്യങ്ങളിലും മുംബൈയിലുമായി മരിച്ചത് 18 മലയാളികള്‍. ഏറ്റവും കൂടുതല്‍ മലയാളികള്‍ മരിച്ചത് അമേരിക്കയിലാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്ത് വിട്ടത്. ഔദ്യോഗികകണക്കുകള്‍ പുറത്തുവന്നാല്‍ മാത്രമേ മരണസംഖ്യ സംബന്ധിച്ച വ്യക്തത ലഭിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊട്ടാരക്കര സ്വദേശി ഉമ്മന്‍ കുര്യന്‍, പിറവം സ്വദേശിനി ഏലിയാമ്മ കുര്യാക്കോസ്, ചെങ്ങന്നൂര്‍ സ്വദേശിനി ശില്‍പ നായര്‍, ജോസ് തോമസ് എന്നിവര്‍ ഇന്ന് അമേരിക്കയില്‍ മരിച്ചു. അജ്മാനില്‍ ആലഞ്ചേരി സ്വദേശി ഹാരിസ് മരിച്ചു. യു.കെയില്‍ കൊല്ലം സ്വദേശിനി ഇന്ദിര, കണ്ണൂര്‍ ഇരിട്ടി സ്വദേശി സിന്റോ ജോര്‍ജ് എന്നിവര്‍ ഇന്ന് മരിച്ചു. ഏപ്രില്‍ അഞ്ചിന് അമേരിക്കയില്‍ തിരുവല്ല സ്വദേശി ഷോണ്‍ എസ് എബ്രഹാം, തൊടുപുഴ സ്വദേശി തങ്കച്ചന്‍ എന്നിവര്‍ മരിച്ചു. അയര്‍ലന്‍ഡില്‍ കോട്ടയം കുറുപ്പന്തര സ്വദേശി ബീന, സൗദിയില്‍ മലപ്പുറം സ്വദേശി നൗഫാന്‍ എന്നിവരും ഏപ്രില്‍ അഞ്ചിന് മരിച്ചു.

ഏപ്രില്‍ നാലിന് സൗദി അറേബ്യയില്‍ പി.ആര്‍ ഷബനാസ്, കോട്ടയം സ്വദേശി ജോസഫ് കെ തോമസ് എന്നിവര്‍ മരിച്ചു. ഏപ്രില്‍ രണ്ടിന് ലണ്ടനില്‍ എറണാകുളം രാമമംഗലം സ്വദേശിനി കുഞ്ഞമ്മ സാമുവല്‍, മലപ്പുറം സ്വദേശി ഹംസ എന്നിവര്‍ മരിച്ചു. ഏപ്രില്‍ ഒന്നിന് മുംബൈയില്‍ കതിരൂര്‍ സ്വദേശി അശോകന്‍, ദുബായില്‍ തൃശ്ശൂര്‍ കയ്പ്പമംഗലം സ്വദേശി പരീത് എന്നിവര്‍ മരിച്ചു. മാര്‍ച്ച് 31 ന് അമേരിക്കയില്‍ പത്തനംതിട്ട സ്വദേശി തോമസ് ഡാനിയലും കൊറോണ വൈറസ് ബാധിച്ച് മരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

SHARE