ബൈക്കിലും ബസിലും യാത്ര ചെയ്ത് കോവിഡ് രോഗി കണ്ണൂരിലെ വീട്ടിലേക്ക് മുങ്ങി

പാലക്കാട്: ആരോഗ്യ വകുപ്പിനെ വെട്ടിച്ചു ബൈക്കിലും ബസിലും യാത്ര ചെയ്ത് കോവിഡ് രോഗി കണ്ണൂരിലെ വീട്ടിലേക്കു മുങ്ങി. ആരോഗ്യ വകുപ്പ് ഇടപെട്ടു കൊയിലാണ്ടിയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ കണ്ണൂരിലെ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ തൃത്താലയില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയാണു ക്വാറന്റീന്‍ ലംഘിച്ചു വീട്ടിലേക്കു ബൈക്കിലും കെഎസ്ആര്‍ടിസി ബസിലുമായി യാത്ര ചെയ്തത്.

മധുരയില്‍ ചെരിപ്പു കട നടത്തുന്ന കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹവും 3 സുഹൃത്തുക്കളും കഴിഞ്ഞ 23ന് ആണു തൃത്താലയില്‍ എത്തിയത്. ഒപ്പമെത്തിയ സുഹൃത്തിന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. 30ന് ഇരുവരും പട്ടാമ്പിയിലെത്തി സ്രവം പരിശോധനയ്ക്കു നല്‍കി. ഇന്നലെ രണ്ടുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

എന്നാല്‍, പരിശോധനാ ഫലം അറിയിക്കാന്‍ വിളിക്കുമ്പോള്‍ ഇദ്ദേഹം വീട്ടില്‍നിന്നു ബൈക്കില്‍ കോഴിക്കോട്ടേക്കു പോയിരുന്നു. തുടര്‍ന്നു കോഴിക്കോട്ടുള്ള ചെരിപ്പു കടയില്‍ ബൈക്ക് വച്ച ശേഷം കെഎസ്ആര്‍ടിസി ബസില്‍ കണ്ണൂരേക്കു യാത്രതിരിച്ചു. പാലക്കാട് ജില്ലാ ആരോഗ്യ വിഭാഗം ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കൊയിലാണ്ടിയില്‍ എത്തിയതായി അറിഞ്ഞതോടെ അവിടെ ഇറങ്ങാന്‍ ആവശ്യപ്പെട്ടു. പൊലീസിനു വിവരം കൈമാറി. തുടര്‍ന്ന് കോഴിക്കോട് ജില്ലാ നിരീക്ഷണ സംഘം എത്തി ആംബുലന്‍സില്‍ കണ്ണൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി.

SHARE