കോവിഡ് ചികില്‍സയിലായിരുന്ന യുവതി പ്രസവിച്ചു

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികില്‍സയില്‍ കഴിയുന്ന യുവതി പ്രസവിച്ചു. യുവതിയും ആണ്‍കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് കോവിഡ് ബാധിത പ്രസവിക്കുന്നത്. കുഞ്ഞിന് ഇതുവരെ രോഗലക്ഷണങ്ങളൊന്നുമില്ല. എന്തെങ്കിലും ലക്ഷണം കാണിച്ചാല്‍ മാത്രമേ പരിശോധനയ്ക്ക് വിധേയനാക്കൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

പ്രസവത്തിനായി ഐസൊലേഷന്‍ വാര്‍ഡ് ഓപ്പറേഷന്‍ തിയറ്ററാക്കി മാറ്റുകയായിരുന്നു. കുഞ്ഞിനെ നേരിട്ട് ബന്ധപ്പെടാത്ത രീതിയില്‍ അമ്മയോടൊപ്പമാണ് താമസിപ്പിച്ചിരിക്കുന്നത്. മുലപ്പാലും നല്‍കുന്നുണ്ട്.

പ്രസവം വെല്ലുവിളിയായിരുന്നുവെന്നും യുവതി ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. യുവതിയുടെ എയിംസിലെ ഡോക്ടറായ ഭര്‍ത്താവിനും ഇയാളുടെ സഹോദരനും കോവിഡ് ബാധിച്ചിരുന്നു. എയിംസിലെ ഐസൊലേഷന്‍ വാര്‍ഡിലായിരുന്നു. കേരളത്തില്‍ 27കാരിയായ ഗര്‍ഭിണിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

SHARE