ഞങ്ങളെന്താ മൃഗങ്ങളാണോ? ഞങ്ങള്‍ക്കെന്താ വെള്ളം വേണ്ടേ?; യു.പിയില്‍ കോവിഡ് രോഗികളുടെ പ്രതിഷേധം

ലക്‌നൗ: സര്‍ക്കാര്‍ ആശുപത്രിയില്‍ ഭക്ഷണമോ വെള്ളമോ ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധവുമായി കോവിഡ് രോഗികള്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ കോവിഡ് രോഗികള്‍ പ്രതിഷേധിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
പ്രയാഗ്‌രാജിലെ കൊത്വ ബാനി മേഖലയിലെ എല്‍ 1 കാറ്റഗറിയില്‍പ്പെട്ട കൊവിഡ് ആശുപത്രിയിലാണ് രോഗികള്‍ പ്രതിഷേധിക്കുന്നത്. മൃഗങ്ങളോടെന്ന പോലെയാണ് തങ്ങളോട് പെരുമാറുന്നതെന്ന് ഇവര്‍ പരാതി പറയുന്നുണ്ട്.

” നിങ്ങള്‍ ഞങ്ങളെ മൃഗങ്ങളെപ്പോലെയാണ് കാണുന്നത്. ഞങ്ങളെന്താ മൃഗങ്ങളാണോ? ഞങ്ങള്‍ക്കെന്താ വെള്ളം വേണ്ടേ ?” ആശുപത്രിയക്ക് പുറത്തുവന്ന് പ്രതിഷേധിക്കുന്ന രോഗികളിലൊരാള്‍ ഉച്ചത്തില്‍ വിളിച്ച് ചോദിക്കുന്നുണ്ടായിരുന്നു. ”നിങ്ങള്‍ക്ക് കൃത്യമായി ഭക്ഷണം കിട്ടുന്നുണ്ടോ?” വീഡിയോ എടുക്കുന്നയാള്‍ രോഗികളോട് ചോദിച്ചതോടെ എല്ലാവരും ഇല്ലെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.ഉത്തര്‍പ്രദേശിലെ കൊവിഡ് ആശുപത്രികള്‍ക്കെതിരെ രോഗികള്‍ രംഗത്തെത്തുന്നത് ഇതാദ്യമല്ല. ആഗ്ര അടക്കമുള്ള ജില്ലകളില്‍നിന്നും സമാനസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

SHARE