കോവിഡ്: നിരീക്ഷണത്തിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു; മരിച്ചത് ഇരുപത്തിയാറുകാരി

കോഴിക്കോട്: കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. ഷബ്‌നാസ്(26) ആണ് മരിച്ചത്. മലപ്പുറം എടപ്പാള്‍ സ്വദേശിയാണ് ഷബ്‌നാസ്. സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അര്‍ബുദ രോഗിയായിരുന്ന ഷബ്‌നാസ് മെയ് 20 നാണ് ദുബായില്‍ നിന്നെത്തിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

ഇന്നലെ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് വൈദികന്‍ മരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് മരണം പതിനൊന്നായി. ഗുരുതര ശ്വാസകോശ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വൈദികന്‍ റവ. ഫാ കെജി വര്‍ഗീസാണ് (77) ഇന്നലെ മരിച്ചത്. വൈദികന് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ല. കോവിഡ് ഫലം വരും മുമ്പ് മരിച്ചതിനാല്‍ സമ്പര്‍ക്ക പട്ടിക തയ്യാറാക്കലും വെല്ലുവിളിയാണ്.

സംസ്ഥാനത്ത് ഇന്നലെ 86 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു) കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

SHARE