കോവിഡിനു മുമ്പില്‍ പകച്ച് യു.എസും യൂറോപ്പും- കണക്കുകള്‍ ഞെട്ടിക്കുന്നത്

ആഗോള തലത്തില്‍ പന്ത്രണ്ടു ലക്ഷത്തിലധികം കോവിഡ് കേസുകളാണ് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം ഞായറാഴ്ച രാവിലെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ന്യൂയോര്‍ക്ക്: ഏകദേശം എല്ലാ ലോകരാഷ്ട്രങ്ങളിലും പടര്‍ന്നു പിടിച്ച കൊറോണ മഹാമാരി ഏറ്റവും കൂടുതല്‍ നാശം വിതച്ചത് യു.എസിലും യൂറോപ്പിലും. മഹാമാരിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ പകച്ചു നില്‍ക്കുകയാണ് ലോകത്തെ വികസിത പ്രദേശങ്ങളായ രണ്ടിടങ്ങളും.
ആഗോള തലത്തില്‍ പന്ത്രണ്ടു ലക്ഷത്തിലധികം കോവിഡ് കേസുകളാണ് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം ഞായറാഴ്ച രാവിലെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ മൂന്നു ലക്ഷവും യു.എസിലാണ്.

മരണത്തെ കാത്ത് യു.എസ്

കാഠിന്യമേറിയ രണ്ടാഴ്ചയാണ് വരാനിരിക്കുന്നത് എന്നും ‘ഒരുപാട് മരണങ്ങള്‍’ കാണാനിരിക്കുന്നു എന്നും ഇന്നലെ യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിനെ നിസ്സാരമായി എടുത്ത ട്രംപ് പിന്നീട് യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുകയാണ് എന്ന് വിദഗ്്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
യു.എസില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട ചെയ്തത് 33,591 പുതിയ കേസുകളാണ്. 1,336 മരണങ്ങളും. മൊത്തം കേസുകള്‍ 311,544 ആയി. മരണം 8,488 ഉം.
ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്, 113,704. ന്യൂ ജഴ്‌സിയില്‍ 34,124 ഉം മിഷിഗനില്‍ 14,225 ഉം കാലിഫോര്‍ണിയയില്‍ 13,878 കേസുകളാണ് ഇതുവരെയുള്ളത്.
മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിവിവരക്കണക്ക് ഇങ്ങനെ; ലൂസിയാന -12,496. മസാച്ചുസെറ്റ്‌സ്- 11,736, ഫ്‌ളോറിഡ-11,545, പെന്‍സില്‍വാനിയ – 10,444, ഇല്ലിനോയ്‌സ്- 10,357, വാഷിങ്ടണ്‍- 7,591, ടെക്‌സാസ് -6,739, ജോര്‍ജിയ-6,383, കണക്റ്റികട്ട് – 5,276, കൊളറാഡോ- 4,565.
ന്യൂയോര്‍ക്ക് സ്‌റ്റേറ്റില്‍ ന്യൂയോര്‍ക്ക് സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 24 മണിക്കൂറിനിടെ 4,561 കേസുകള്‍. മൊത്തം 60,850 പോസിറ്റീവ് കേസുകള്‍. ഇതില്‍ 25,029 പേര്‍ നാല്‍പ്പത്തിയഞ്ചു വയസ്സിന് താഴെയുള്ളവരാണ്. ഇതുവരെ 2,254 പേര്‍ മരിക്കുകയും ചെയ്തു.
ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ 20,371 ഉം ബ്രൂക്ക്‌ലിനില്‍ 16,488 ഉം ബ്രോന്‍ക്‌സില്‍ 11,820 ഉം മാന്‍ഹാട്ടനില്‍ 8,781 ഉം സ്റ്റാറ്റന്‍ ഐലന്‍ഡില്‍ 3,355 ഉം പോസിറ്റീവ് കേസുകളാണ് ഉള്ളത്.

ട്രംപ് പ്രതിക്കൂട്ടില്‍

യു.എസില്‍ ഇത്രയും ഗുരുതരമായ ആരോഗ്യപ്രതിസന്ധി ഉണ്ടാകാനുള്ള ആദ്യ കാരണക്കാരന്‍ പ്രസിഡണ്ട് ട്രംപ് ആണെന്ന് വ്യാപക വിമര്‍ശമുണ്ട്. യു.എസ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് ട്രംപ് ഒരു ഘട്ടത്തിലും ചെവി കൊടുത്തില്ല എന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
വൈറസില്‍ നിന്നുള്ള കവചമായി മാസ്‌ക് ധരിക്കാനുള്ള നിര്‍ദ്ദേശത്തെ ‘ഞാനതു ചെയ്യില്ല’ എന്നു പറഞ്ഞാണ് ട്രംപ് തള്ളിയത്. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ആണ് ഈ മുന്‍കരുതല്‍ നിര്‍ദ്ദേശിച്ചിരുന്നത്. ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപും മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ട്രംപ് വഴങ്ങിയിട്ടില്ല. കൊറോണയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനങ്ങളില്‍ ഇന്നലെ കോളറാഡോ ഗവര്‍ണര്‍ ജറാദ് പൊളിസ്, ലോസ് ആഞ്ചലസ് മേയര്‍ എറിക് ഗാര്‍സെറ്റി തുടങ്ങിയവര്‍ മാസ്‌ക് ധരിച്ചാണ് മാദ്ധ്യമങ്ങള്‍ക്കു മുമ്പില്‍ വന്നത്.
ട്രംപിന്റെ മര്‍ക്കട മുഷ്ടിക്കു പുറമേ, രാജ്യത്ത് ഫെഡറല്‍-സ്റ്റേറ്റ് ഗവണ്‍മെന്റുകള്‍ തമ്മില്‍ സംഘര്‍ഷവും നിലനില്‍ക്കുന്നുണ്ട്. വെന്റിലേറ്ററുകള്‍, മാസ്‌കുകള്‍, കൈയുറകള്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുള്ളത്. വിവിധ സ്റ്റേറ്റ് ഗവണ്‍മെന്റുകളില്‍ ഇവയുടെ ക്ഷാമം രൂക്ഷമാണ്.
വിഷയത്തില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ ക്യുമോ ട്രംപിനെ പരസ്യമായി കുറ്റപ്പെടുത്തുകയും ചെയ്തു. ഈ ഘട്ടത്തില്‍ ഞങ്ങള്‍ക്ക് വേണ്ടത്ര വെന്റിലേറ്ററുകളില്ല എന്നാണ് കഴിഞ്ഞ ദിവസം ക്യുമോ ട്വീറ്റ് ചെയ്തത്. ന്യൂയോര്‍ക്കിലേക്ക് ആയിരം വെന്റിലേറ്റര്‍ നല്‍കുമെന്ന് ചൈന പ്രഖ്യാപിച്ചിട്ടുണ്ട്.

പകച്ച് യൂറോപ്പ്

യു.എസിനെ പോലെ പകച്ചു നില്‍ക്കുകയാണ് യൂറോപ്പും. ശനിയാഴ്ച മാത്രം 809 പേരാണ് സ്‌പെയിനില്‍ മരണത്തിന് കീഴടങ്ങിയത്. ഇതോടെ രാജ്യത്തെ മരണം 11,947 ആയി ഉയര്‍ന്നു. രോഗികളുടെ എണ്ണത്തില്‍ സ്‌പെയിന്‍ ഇറ്റലിയെ മറികടന്നു. സ്പെയിനില്‍ 1,26,168 ഉം ഇറ്റലിയില്‍ 124,632 ഉം രോഗബാധിതരാണുള്ളത്. ഇറ്റലിയില്‍ ആകെ മരിച്ചവര്‍ 15,362.
യു.കെയില്‍ കേസുകളുടെ എണ്ണം നാല്‍പ്പതിനായിരം കവിഞ്ഞു. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഇരുപതിനായിരവും പോര്‍ച്ചുഗല്‍, ബ്രസീല്‍ എന്നിവിടങ്ങളില്‍ പതിനായിരവും കവിഞ്ഞു.
യൂറോപ്പില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ അസുഖം റിപ്പോര്‍ട്ട് ചെയ്തത് സ്‌പെയിനിലാണ്; 6969. ജര്‍മനിയാണ് രണ്ടാമത്തേത്, 4933 കേസുകള്‍. ഇറ്റലിയില്‍ 4805 ഉം ഫ്രാന്‍സില്‍ 4267 ഉം യു.കെയില്‍ 3735 ഉം തുര്‍ക്കിയില്‍ 3013 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബെല്‍ജിയത്തില്‍ 1,661 പുതിയ കേസുകളും നെതര്‍ലാന്‍ഡ്‌സില്‍ 904 ഉം സ്വിറ്റിസര്‍ലാന്‍ഡില്‍ 899ഉം കേസുകള്‍ ഉണ്ടായി.
യു.കെയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട ചെയ്ത ദിനമായിരുന്നു ഇന്നലെ. 684 പേരാണ് മരണത്തിന് കീഴടങ്ങിയത്. അതിനിടെ, വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ 24 മണിക്കൂറിനിടെ 30 പേര്‍ക്ക് മാത്രമാണ് അസുഖം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.