ഭീതിയൊഴിയുന്നു കണ്ണൂരിലെ പോസിറ്റീവ് കേസ്‌ നെഗറ്റീവായി

കണ്ണൂര്‍: കൊവിഡ്19 സ്ഥിരീകരിച്ച പ്രവാസിയുടെ രണ്ടാമത്തെ പരിശോധനാ ഫലം നെഗറ്റീവ്. കണ്ണൂരില്‍ ഭീതിയൊഴിയുന്നു. പെരിങ്ങോം സ്വദേശിയായ യുവാവിന്റെ ബന്ധുക്കളുടെ പരിശോധനാ ഫലവും നെഗറ്റീവ്. ഡോക്ടര്‍ക്കും രോഗബാധയില്ലെന്ന് കണ്ടെത്തി.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ആദ്യ ഘട്ടത്തില്‍ കൊവിഡ്19 സ്ഥിരീകരിച്ച പ്രവാസിയുടെ രണ്ടാം ഘട്ട പരിശോധനാ റിപ്പോര്‍ട്ടിലാണ് ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു ഭാര്യയും മാതാവും. ഇന്നലെ ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടിലാണ് മൂവരുടെയും ഫലം നെഗറ്റീവെന്ന് കണ്ടെത്തിയത്. ആദ്യം പരിശോധിച്ച ഡോക്ടറുടെ പരിശോധനാ ഫലവുമാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് രാത്രി എട്ടിനും 9.30നുമിടയിലാണ് നാല് പേരുടെയും പരിശോധനാ ഫലം ലഭിച്ചത്. നേരത്തെ റിപ്പോര്‍ട്ട് ലഭിച്ച ഭാര്യാ സഹോദരന്റെ ഫലവും നെഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ കഴിയുന്ന മകന്റെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. രോഗമില്ലെന്ന് കണ്ടെത്തിയ ഡോക്ടര്‍ രാത്രി തന്നെ ആസ്പത്രി വിട്ടു.