കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കാരത്തിനെത്തിച്ചത് ഓട്ടോറിക്ഷയില്‍


ന്യൂഡല്‍ഹി: തെലങ്കാനയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാനായി ശ്മശാനത്തിലേക്ക് ഓട്ടോറിക്ഷയില്‍ കൊണ്ടുപോയത് വിവാദമാകുന്നു. നിസാമാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും അധികൃതരുടെ മേല്‍നോട്ടമില്ലാതെയാണ് 50 കാരന്റെ മൃതദേഹം വാഹനത്തില്‍ നിന്ന് പകുതി പുറത്തായ നിലയില്‍ ശ്മശാനത്തിലെത്തിച്ചത്. ഓട്ടോഡ്രൈവര്‍ അടക്കം ആട്ടോറിക്ഷയിലുണ്ടായിരുന്നവരാരും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല.

മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രദേശവാസികള്‍ ആശങ്കയിലായിരിക്കുകയാണ്. വലിയ സുരക്ഷ വീഴ്ചയാണ് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
ആംബുലന്‍സ് വിട്ടുനല്‍കാതെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കിയതെന്നാണ് ആരോപണം. എന്നാല്‍, മരിച്ചയാളുടെ ബന്ധു ആശുപത്രിയിലെ ജീവനക്കാരനാണെന്നും ഇയാളുടെ ആവശ്യപ്രകാരം മൃതദേഹം വിട്ടുനല്‍കിയെങ്കിലും ആംബുലന്‍സിന് കാത്തുനില്‍ക്കാതെ ഇയാള്‍ ആട്ടോറിക്ഷയില്‍ മൃതദേഹം കൊണ്ടുപോകുകയായിരുന്നുവെന്നുമാണ് ആശുപത്രി സൂപ്രണ്ട് ഡോ. നാഗേശ്വര്‍ റാവു പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

SHARE