എടവണ്ണപ്പാറയില്‍ ക്വാറന്റീന്‍ ലംഘിച്ച് കറങ്ങി നടന്ന യുവാവിന് കോവിഡ്; നിരവധി പേരുമായി സമ്പര്‍ക്കം


മലപ്പുറം: എടവണ്ണപ്പാറയില്‍ രണ്ടു ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ച യുവാവ് ജമ്മുവില്‍ നിന്ന് എത്തിയ ശേഷം ക്വാറന്റീന്‍ ലംഘിച്ചതായി കണ്ടെത്തി. ചീക്കോട് കുനിത്തലക്കടവ് സ്വദേശിയായ യുവാവാണ് ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങിയത്. ഇയാള്‍ എത്തിയ എടവണ്ണപ്പാറയിലെ കടകള്‍ അണുവിമുക്തമാക്കി. യുവാവ് എത്തിയ കടകളിലുണ്ടായിരുന്നവരോടും സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തികളോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കി.

ജൂണ്‍ 19നാണ് യുവാവ് ജമ്മുവില്‍ നിന്നും നാട്ടിലെത്തുന്നത്. ജൂണ്‍ 23നാണ് ക്വാറന്റീന്‍ ലംഘിച്ച് അരീക്കോട് എടവണ്ണപ്പാറ ഭാഗത്തുള്ള വിവിധ കടകള്‍ സന്ദര്‍ശിച്ചത്. വാഴക്കാട് റോഡിലും അരീക്കോട് റോഡിലുമുള്ള മൊബൈല്‍ ഷോപ്പിലും ബാര്‍ബര്‍ ഷോപ്പിലുമെല്ലാം കയറിയതായാണ് വിവരം. മാത്രമല്ല അടുത്ത പ്രദേശങ്ങളിലുള്ള നിരവധി ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തു.

യുവാവ് സന്ദര്‍ശിച്ച കടകളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഈ ഭാഗത്തെ കടകളടച്ച് അണുനശീകരണം നടത്തിയിരുന്നു. ജൂലൈ 1നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.

യുവാവിന്റെ സമ്പര്‍ക്കപ്പട്ടിക വിപുലമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രദേശത്തെ വിവിധ പള്ളികളില്‍ ജുമുഅ നമസ്‌കാരം നിര്‍ത്തിവെച്ചിരുന്നു. ചീക്കോട്, മുതുവല്ലൂര്‍ പഞ്ചായത്തുകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

SHARE