കോവിഡ്; വരാനിരിക്കുന്നത് ഏറ്റവും അപകടകരമായ ഘട്ടമെന്ന് ആരോഗ്യ വിദഗ്ധന്‍


രാജ്യം വൈറസ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലെന്ന് കൊവിഡ് 19 ഹോസ്പിറ്റല്‍സ് ടാസ്‌ക് ഫോഴ്‌സ് കണ്‍വീനര്‍ ഡോക്ടര്‍ ഗിര്‍ധര്‍ ഗ്യാനി. ഔദ്യോഗികമായി നമ്മള്‍ കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്ന് പറയുന്നില്ലെങ്കിലും അതാണ് വാസ്തവം. ഇനി വരാനിരിക്കുന്ന അഞ്ച് മുതല്‍ പത്തു വരെയുള്ള ദിവസങ്ങള്‍ അതി നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഗിര്‍ധര്‍ ഗ്യാനി ഇക്കാര്യം വെളിപ്പെടുത്തിയത്.

മൂന്നാം ഘട്ടം എന്നത് വൈറസ് വ്യാപനത്തിന്റെ ഏറ്റവും അപകടകരമായ ഘട്ടമാണ്. സമൂഹ വ്യാപനം ശക്തമാകുന്ന ഭീതിപ്പെടുത്തുന്ന സാഹചര്യം. രോഗത്തിന്റെ ഉറവിടമോ, ആര്‍ക്കൊക്കെ രോഗം പടര്‍ന്നെന്നോ കണ്ടെത്താനാവാതെ ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരും നിസഹായരാവുന്ന അവസ്ഥ. രാജ്യത്ത് നിലവില്‍ അത്തരമൊരു സാഹചര്യമാണെന്ന് എവിടെ നിന്നും സ്ഥിരീകരണമില്ലെങ്കിലും നാം അതിലേക്കാണ് നടന്നടുക്കുന്നതെന്ന് ഗിര്‍ധര്‍ ഗ്യാനി മുന്നറിയിപ്പ് നല്‍കുന്നു. വരാനിരിക്കുന്ന 10 ദിവസങ്ങളാണ് സമൂഹ വ്യാപനം തടയാനുള്ള ഏറ്റവും സുപ്രധാന ദിനങ്ങള്‍. ഇതുവരെ രോഗ ലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ അത് കാണിച്ചു തുടങ്ങുന്ന ദിവസങ്ങള്‍. നാം അതീവ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയേഴ്‌സ് പ്രൊവൈഡേഴ്‌സിന്റെ സ്ഥാപകന്‍ കൂടിയാണ് ഗിര്‍ധര്‍ ഗ്യാനി. കഴിഞ്ഞ മാര്‍ച്ച് 24ന് പ്രധാനമന്ത്രിയുമായി ആരോഗ്യ വിദഗ്ധര്‍ നടത്തിയ വിഡിയോ കോണ്‍ഫറന്‍സിങ്ങിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.

SHARE