രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവര്‍ 50 ആയി

രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50 ആയി. രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഓരോ മരണം വീതം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് മരണസംഖ്യ 50 ആയി ഉയര്‍ന്നത്.
രാജസ്ഥാനിലെ അല്‍വാറില്‍ 85 വയസുകാരനാണ് കൊറോണ ബാധിച്ച് മരിച്ചത്. ഹരിയാനയില്‍ 67 കാരനും, ഗുജറാത്തില്‍ 52 കാരനും, പഞ്ചാബിലെ അമൃത്സറില്‍ 62 കാരനും മരണത്തിന് കീഴടങ്ങി.

അതേസമയം, രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1834 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 400 കടന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 1764 പേരാണ് ചികിത്സയിലുള്ളത്.144 പേര്‍ക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് 437 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ നാലും പശ്ചിമ ബംഗാളില്‍ രണ്ടും മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവടങ്ങില്‍ 1 വീതം മരണവുമാണ് ഇന്നലെ ഉണ്ടായത്. മുംബൈയിലെ ചേരിയായ ധാരാവിയിലടക്കം മരണം സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിലെ മരണസംഖ്യ 16 ആയി ഉയര്‍ന്നു. നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത മൂന്നുപേര്‍കൂടി തെലങ്കാനയില്‍ മരിച്ചതോടെ സംസ്ഥാനത്തെ മരണസംഖ്യ 9 ആയി.