നൂറു വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ ആരോഗ്യ സാമ്പത്തിക സ്ഥിതി; റിസര്‍വ് ബാങ്ക് ഗവര്‍ണര്‍


മുംബൈ: ഉത്പാദനം,തൊഴില്‍,ക്ഷേമം എന്നിവയ്ക്ക് അഭൂതപൂര്‍വമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച കൊവിഡ് കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ആരോഗ്യ-സാമ്പത്തിക പ്രതിസന്ധിയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഗുപ്ത.ലോകമെമ്പാടുമുള്ള തൊഴില്‍,മൂലധന ചലനങ്ങള്‍ എന്നിവയെ മഹാമാരി വളച്ചൊടിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഏഴാമത്തെ എസ്.ബി.ഐ ബാങ്കിംഗ്, ഇക്കണോമിക്‌സ് കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ കരുത്തിന്റെയും പ്രതിരോധത്തിന്റെയും ഏറ്റവും വലിയ പരീക്ഷണമാണ് കൊവിഡെന്നും അദ്ദേഹം പറഞ്ഞു. വളര്‍ച്ചയുടെ മാന്ദ്യം പരിഹരിക്കാനാണ് റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കുറച്ചത്. ആറംഗ ധനകാര്യ നയ സമിതി റിപ്പോ നിരക്ക് 115 ബേസിസ് പോയിന്റ് കുറയ്ക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. അതിനാല്‍ 2019 ഫെബ്രുവരി മുതല്‍ ആര്‍.ബി.ഐ ഏറ്റെടുത്ത മൊത്തം നിരക്ക് കുറക്കല്‍ 250 ബേസിസ് പോയിന്റുകളാണെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.

ജൂലായ് മൂന്നിന് അവസാനിച്ച ആഴ്ചയില്‍ 5.73 ബില്യണ്‍ രൂപ (76.16 മില്യണ്‍ ഡോളര്‍) റിസര്‍വ് ബാങ്കിന് കുടിശികയുള്ള വായ്പയുണ്ടെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇത്. കഴിഞ്ഞ ആഴ്ച കേന്ദ്ര സര്‍ക്കാരിന് കുടിശികയുള്ള വായ്പകളില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂലായ് മൂന്നിന് അവസാനിച്ച ആഴ്ചയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 70.04 ബില്യണ്‍ രൂപ വായ്പ ലഭിച്ചു. കഴിഞ്ഞ ആഴ്ച ഇത് 34.16 ബില്യണ്‍ രൂപയായിരുന്നു.

SHARE