ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 30 ലക്ഷം കടന്നു; മരണം 2.10 ലക്ഷം


വാഷിങ്ടണ്‍: ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം 30 ലക്ഷം കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട കണക്കുപ്രകാരം 30,36,770 പേര്‍ക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചു. 2,10,804 പേരുടെ ജീവനാണ് കോവിഡ് ഇതുവരെ കവര്‍ന്നത്.

ആകെ രോഗബാധിതരില്‍ മൂന്നിലൊന്നും അമേരിക്കയിലാണ്. പത്ത് ലക്ഷത്തിനടുത്ത് രോഗബാധിതരുള്ള അമേരിക്കയില്‍ 56,000 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 1347 ജീവന്‍ നഷ്ടമായി. ഇരുപതിനായിരത്തിലേറേ പേര്‍ക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചു. യുഎസ് ഒഴികെയുള്ള വൈറസ് ബാധിത രാജ്യങ്ങളിലെല്ലാം മരണസംഖ്യ കുറഞ്ഞുവരുകയാണ്. സ്‌പെയ്‌നിലും ഇറ്റലിയിലും ബ്രിട്ടണിലും നാനൂറില്‍ താഴെയാണ് കഴിഞ്ഞ ദിവസത്തെ മരണനിരക്ക്.

2,29,422 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സ്‌പെയ്‌നില്‍ 23,521 പേരാണ് ഇതുവരെ മരിച്ചത്. രണ്ട് ലക്ഷം രോഗബാധിതരുള്ള ഇറ്റലിയില്‍ മരണം 26,977 ആയി. ഫ്രാന്‍സില്‍ 23,293 പേരും ബ്രിട്ടണില്‍ 21,092 പേരും മരിച്ചു. ജര്‍മനിയില്‍ മരണം 6000 കടന്നു. ബെല്‍ജിയത്തില്‍ 7200 പേരും ഇറാനില്‍ 5800 പേരും ഇതുവരെ മരണപ്പെട്ടു.

അതേസമയം ലോകത്താകെ കോവിഡ് മുക്തരായവരുടെ എണ്ണം 8,92,599 ആയി. സ്‌പെയ്‌നില്‍ 1.20 ലക്ഷം പേര്‍ രോഗമുക്തരായി. ജര്‍മനിയില്‍ 1.14 ലക്ഷം രോഗികളും യുഎസില്‍ 1.11 ലക്ഷം പേരും പൂര്‍ണമായും കോവിഡ് മുക്തരായി. 19 ലക്ഷത്തിലേറെ രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇതില്‍ 56000ത്തോളം പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.

SHARE