കൊറോണക്ക് ഏറ്റവും മികച്ച ഔഷധം ചാണകം; നിയമസഭയില്‍ വാദവുമായി ബി.ജെ.പി എം.എല്‍.എ

ലോകം കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ആശങ്കയിലായിരിക്കെ കൊറോണ വൈറസിനെ നേരിടാനുള്ള ഏറ്റവും നല്ല ഔഷധം ചാണകമാണെന്ന വാദവുമായി ബി.ജെ.പി എം.എല്‍.എ. അസമില്‍ നിന്നുള്ള എംഎല്‍എ സുമന്‍ ഹരിപ്രിയയാണ് പുതിയ വാദവുമായി രംഗത്തെത്തിയത്. അസം നിയമസഭയിലാണ് ഹരിപ്രിയ ഇക്കാര്യമറിയിച്ചത്.

ചാണകം കത്തിക്കുമ്പോള്‍ പുറത്തുവരുന്ന പുകയ്ക്ക് വൈറസിനെ നശിപ്പിക്കാന്‍ ശക്തിയുണ്ടെന്നും അതുകൊണ്ടുതന്നെ കൊറോണയെ പ്രതിരോധിക്കാന്‍ ചാണകം സഹായിക്കുമെന്നുമാണ് സുമന്റെ വാദം. ഗോമൂത്രത്തിനും വൈറസിനെ നശിപ്പിക്കാന്‍ കഴിയുമെന്നും സുമന്‍ പറഞ്ഞു. പശുക്കടത്തുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.

യോഗ ചെയ്യുന്നതിലൂടെ ലോകത്ത് പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ദിവസവും യോഗ ചെയ്യുന്ന ആരോഗ്യവാനായ ഒരാള്‍ കൊറോണയെ ഭയക്കേണ്ടതില്ലെന്നും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായ യോഗ പോലുള്ള അതിശക്തമായ പല കാര്യങ്ങളും ആഴത്തില്‍ മനസ്സിലാക്കേണ്ടതാണെന്നുമായിരുന്നു ആദിത്യനാഥിന്റെ അഭിപ്രായം.

SHARE