ഇറ്റലിയിലെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്വാറന്റീനില്‍


റോം: ലോക്ക് ഡൗണിനെ തുടര്‍ന്ന് രണ്ടാഴ്ച്ച ജന്മനാടായ പോര്‍ച്ചുഗലില്‍ തങ്ങിയ ശേഷം യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റലിയിലേക്ക് മടങ്ങി. തിങ്കളാഴ്ച്ച രാത്രിയാണ് റൊണാള്‍ഡോയും കുടുംബവും ടൂറിന്‍ എയര്‍പോര്‍ട്ടിലിറങ്ങിയത്.

പോര്‍ച്ചുഗീസ് ദ്വീപായ മഡെയ്‌റയില്‍ നിന്ന് സ്വകാര്യ ജെറ്റ് വഴി ഇറ്റലിയിലെത്തിയ റൊണാള്‍ഡോ വിദേശയാത്ര കഴിഞ്ഞ് വന്നതിനാല്‍ രണ്ടാഴ്ച്ച ക്വാറന്റൈനില്‍ ആയിരിക്കും.

മാര്‍ച്ച് എട്ടിന് അലയന്‍സ് സ്റ്റേഡിയത്തില്‍ ഇന്റര്‍മിലാനെതിരെ 2-0ത്തിന് ജയിച്ച സീരി എ ഗെയിമാണ് റൊണാള്‍ഡോ അവസാനമായി കളിച്ചത്. ഇറ്റാലിയന്‍ ഫുട്‌ബോള്‍ സീസണ്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുന്നതിന് മുന്‍പായിരുന്നു ഗെയിം.

സ്‌ട്രോക്ക് വന്ന അമ്മ ഡോളറുസുമായി സമയം ചിലവഴിക്കാനാണ് റൊണാള്‍ഡോ പോര്‍ച്ചുഗലില്‍ എത്തിയത്. സീരി എ ക്ലബ്ബുകളുടെ താരങ്ങള്‍ക്ക് വ്യക്തിഗത പരിശീലനത്തിന് അനുമതി ലഭിച്ചതോടെയാണ് റൊണാള്‍ഡോ ഇറ്റലിയിലേക്ക് മടങ്ങിയത്. ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രാലയം കളിക്കാര്‍ക്ക് പരിശീലനത്തിന് അനുമതി നല്‍കിയത് 2019-2020 ഫുട്‌ബോള്‍ സീസണ്‍ മടങ്ങിവരുമെന്ന പ്രതീക്ഷ ആരാധകര്‍ക്ക് നല്‍കിയിട്ടുണ്ട്.