സവര്‍ണന്റെ വയലില്‍ വിസര്‍ജ്ജനം നടത്തിയ ദളിത് യുവാവിനെ തല്ലിക്കൊന്നു

ചെന്നൈ: സവര്‍ണ വിഭാഗക്കാരന്റെ ഉടമസ്ഥതയിലുള്ള വയലില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയെന്നാരോപിച്ച് ദളിത് യുവാവിനെ തല്ലിക്കൊന്നു. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലാണ് സംഭവം. ശക്തിവേല്‍ (24) എന്ന ദളിത് യുവാവിനെയാണ് ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്.
ശക്തിവേലിന്റെ സഹോദരി പൊലീസില്‍ കേസ് ഫയല്‍ ചെയ്തിരുന്നെങ്കിലും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ പൊലീസ് പ്രതികളില്‍ ചിലരെ അറസ്റ്റു ചെയ്തു. പ്രദേശത്ത് ഏറെ സ്വാധീനമുള്ള സവര്‍ണ വിഭാഗത്തില്‍പെട്ടയാളുടെ വയലില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയതിനാണ് തന്റെ സഹോദരനെ തല്ലിക്കൊന്നതെന്ന് ശക്തിവേലിന്റെ സഹോദരി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ശക്തിവേല്‍ ദളിതനാണെന്ന് അറിഞ്ഞതോടെയാണ് ജനക്കൂട്ടം അക്രമാസക്തരായതെന്നും ഇവര്‍ ആരോപിക്കുന്നു. ശക്തിവേലിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതായും, രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് തനിക്ക് ഒരു ഫോണ്‍ കോള്‍ വന്നിരുന്നതായും ഇവര്‍ പൊലീസിനോട് പറഞ്ഞു.
ആശുപത്രിയില്‍ എത്തിക്കും മുമ്പേ മരണം സംഭവിച്ചിരുന്നെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഏഴു പ്രതികളെ അറസ്റ്റു ചെയ്തതായും പൊലീസ് അറിയിച്ചു.

SHARE