സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ ചത്ത എലി; നിരവധി വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യവിഷബാധയേറ്റ് ആസ്പത്രിയില്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തെ കുറിച്ച് പരാതികള്‍ അവസാനിക്കുന്നില്ല. മുസഫര്‍നഗറിലെ ഗവണ്‍മെന്റ് സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ ചത്ത എലിയെ കണ്ടെത്തി. ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റ നിരവധി വിദ്യാര്‍ത്ഥികള്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഹാപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജന്‍ സേവാ കല്യാണ്‍ സമിതി എന്ന സംഘടനയാണ് സ്‌കൂളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്.

കഴിഞ്ഞ ദിവസം സോണ്‍ഭദ്ര ജില്ലയിലെ ഒരു പ്രൈമറി വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അമിതമായി വെള്ളം ചേര്‍ത്ത പാല്‍ നല്‍കിയത് വിവാദമായിരുന്നു. ഒരു ലിറ്റര്‍ പാല്‍ ഒരു ബക്കറ്റ് വെള്ളത്തില്‍ കലക്കിയാണ് വിതരണം ചെയ്തത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മിര്‍സാപൂര്‍ ജില്ലയിലെ ഒരു സ്‌കൂളില്‍ ഉച്ചഭക്ഷണമായി കുട്ടികള്‍ക്ക് റൊട്ടിയും ഉപ്പും നല്‍കിയത് വന്‍ വിവാദമായിരുന്നു. പാലും റോട്ടിയും ആണ് കുട്ടികള്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ പാല്‍ ഒരിക്കലും കുട്ടികള്‍ക്ക് കിട്ടാറില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.

SHARE