ദുബൈയില്‍ കാര്‍ മറിഞ്ഞ് പിഞ്ചു കുഞ്ഞ് മരിച്ചു

ജുബൈല്‍: ദുബൈയില്‍നിന്ന് ജുബൈലിലേക്ക് വന്ന മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് രണ്ടര വയസ്സുള്ള കുട്ടി മരിച്ചു. തൃശൂര്‍ ചേലക്കര കിള്ളിമംഗലം കിഴക്കേപ്പുറത്ത് വീട്ടില്‍ സയ്യിദ് ഷഫിഖ് തങ്ങള്‍-അഫീഫാ ബീവി ദമ്പതികളുടെ ഏക മകള്‍ ഫാത്തിമ ശുഹദ ആണ് മരിച്ചത്. പെരുന്നാള്‍ അവധിക്കു ദുബൈയിലുള്ള കുടുംബങ്ങളെ സന്ദര്‍ശിച്ചു മടങ്ങി വരവേ യു.എ.ഇ അതിര്‍ത്തിയിലുള്ള സല്‍വക്ക് സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന ടൊയോട്ട പ്രാഡോ കാര്‍ മറിഞ്ഞാണ് അപകടം.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം. ഷഫിക്ക് തങ്ങള്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. കാര്‍ നിയന്ത്രണം വിട്ട് റോഡില്‍നിന്നു തെന്നി മാറി മറിയുകയായിരുന്നു. പിന്‍സീറ്റില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു മകളും ഭാര്യയും. ഷഫിഖ് തങ്ങളും അഫീഫയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
എട്ട് വര്‍ഷമായി ജുബൈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന ഷഫീഖ് തങ്ങള്‍ മൂന്ന് മാസം മുന്‍പ് സന്ദര്‍ശക വിസയില്‍ കുടുംബത്തെ കൊണ്ടുവന്നതായിരുന്നു. സല്‍വ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവിടെ തന്നെ ഖബറടക്കും.

SHARE