ദീപ നിഷാന്തിനു നേരെ വധഭീഷണി; ബി.ജെ.പി നേതാവ് അറസ്റ്റില്‍

ദീപ നിഷാന്തിനു നേരെ വധഭീഷണി; ബി.ജെ.പി നേതാവ് അറസ്റ്റില്‍

തൃശൂര്‍: കേരളവര്‍മ കോളജിലെ അധ്യാപിക ദീപ നിഷാന്തിനു നേരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയും ബി.ജെ.പിയുടെ ഐ.ടി സെല്‍ കൈകാര്യം ചെയ്യുന്ന സംഘത്തിലെ പ്രധാനിയുമായ ബിജു നായരാണ് അറസ്റ്റിലായത്.

ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 506 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. അശ്ലീല വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ദീപയുടെ മൊബൈല്‍ നമ്പര്‍ പോസ്റ്റു ചെയ്ത ശേഷം എല്ലാവരോടും വിളിക്കാന്‍ നിര്‍ദേശിച്ചവരാണ് പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റു രേഖപ്പെടുത്തിയത്.

കഠ്‌വയിലെ പീഡനക്കേസിനെക്കുറിച്ച് ദീപക് ശങ്കരനാരായണന്‍ ഇട്ട പോസ്റ്റ് പകര്‍ത്തിയതിനെത്തുടര്‍ന്നാണ് ദീപ നിഷാന്തിനെതിരായ സൈബര്‍ ആക്രമണം. രമേശ് കുമാര്‍ നായര്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ദീപയുടെ രക്തത്തിനായി മുറവിളി ഉയര്‍ന്നത്. ഇതിനു മറുപടിയായി പോസ്റ്റു ചെയ്ത കമന്റിലാണ് ബിജു നായര്‍ ഭീഷണി മുഴക്കിയത്. രമേശ് കുമാറിനെ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY