പുറത്തുവരുന്ന വാര്‍ത്തകളേക്കാള്‍ പരിതാപകരമാണ് ഡല്‍ഹിയുടെ സ്ഥിതി; വെളിപ്പെടുത്തലുമായി യൂണിവേഴ്‌സിറ്റി ലക്ചറര്‍മാര്‍

ഡല്‍ഹിയിലെ നേരവസ്ഥകളെ വെളിപ്പെടുത്തി ഡല്‍ഹി സര്‍വകലാശാല ലക്ചററായ ജെന്നി റോയിയും രാംജാസ് സര്‍വകലാശാല ലക്ചററായ ഫെബ റഷീദും. രണ്ടുദിവസമായി വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ മുസ്‌ലിം പ്രദേശങ്ങളില്‍ അത്യന്തം ക്രൂരമായ അവസ്ഥകളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്നും കണ്ട കാഴ്ചകളേക്കാളേറെയുണ്ട് അതെന്നും ഈ മലയാളികള്‍ പറയുന്നു. സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വളരെ ചുരുക്കമാണ്.

ദേശീയ മാധ്യമങ്ങള്‍ ഇതൊരു സിഎഎ അനുകൂലികളും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷമായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അങ്ങനെയല്ലെന്ന് ഇവര്‍ പറയുന്നു. വേറെ സ്ഥലങ്ങളില്‍ നിന്ന് മുസ്‌ലിം പ്രദേശത്തേക്ക് ആളുകള്‍ എത്തി നരനായാട്ട് നടത്തുന്ന സാഹചര്യമാണ് കലാപബാധിത പ്രദേശത്തുള്ളത്.

തോക്കും വടിവാളുമെല്ലാം പുറമെ നിന്നുകൊണ്ടുവന്നാണ് അക്രമപ്രവര്‍ത്തനം നടത്തുന്നത്. പൊലീസിന്റെ സഹായവും ഇവര്‍ക്കുണ്ട്. ജാഫറാബാദിന്റെ അകത്തേക്കൊന്നും പോവാന്‍ തന്നെ കഴിയില്ല. അതിനാല്‍ അവിടെ ഇപ്പോള്‍ നടക്കുന്നതെന്തെന്ന് അറിയാനും തരമില്ല.

ഡല്‍ഹിയുടെ കൂടെ എല്ലാവരും ഒപ്പം നില്‍ക്കണമെന്നും ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു.

SHARE