വിദേശരാജ്യങ്ങള്‍ക്ക് പ്രവാസികളെ സ്വീകരിക്കാന്‍ തടസമില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ വിസ നിയന്ത്രണം കൊണ്ടുവന്നത് എന്തിനെന്നു ഹൈക്കോടതി

ന്യൂഡല്‍ഹി: നാട്ടില്‍ അവധിക്ക് വന്നിരിക്കുന്ന പ്രവാസികള്‍ക്ക് ജോലിചെയ്യുന്ന രാജ്യങ്ങളിലേക്ക് തിരിച്ചു പോകുന്നതിന് മൂന്ന് മാസത്തില്‍ കൂടുതല്‍ വിസാ കാലാവധി നിര്‍ബന്ധമാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിനോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു ഡല്‍ഹി ഹൈക്കോടതി. കേന്ദ്രത്തിന്റെ പുതിയ നയത്തിനെതിരെ ഡല്‍ഹി കെ എം സി സി കൊടുത്ത ഹര്‍ജിയിലാണ് ഹൈകോടതിയുടെ ഇടപെടല്‍. വിദേശരാജ്യങ്ങള്‍ക്ക് പ്രവാസികളെ സ്വീകരിക്കാന്‍ തടസമില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ വിസ നിയന്ത്രണം കൊണ്ടു വന്നത് എന്തിനെന്നു വ്യക്തമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് അനു ശിവരാമന്‍ അധ്യക്ഷയായ ബെഞ്ചിന്റേതാണ് ഉത്തരവ്.

വിസ കാലവധിക്ക് മുമ്പ് വിദേശ രാജ്യങ്ങളില്‍ എത്തിയാല്‍ അതാത് രാജ്യങ്ങള്‍ പ്രവാസികളെ സ്വീകരിക്കുമെന്നും അതില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന നിയന്ത്രണം മൂലം വിസയുള്ളവര്‍ക്ക് പോലും തിരിച്ചു പോകാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് കെ.എം.സി.സി വേണ്ടി ഹാജരായ അഡ്വ ഹാരിസ് ബീരാന്‍ വാദിച്ചു.

ജൂണ്‍ ഒന്നിന് കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ചട്ടമാണ് വിദേശത്ത് ജോലിക്കായി പോകുന്നവര്‍ക്ക് ചുരുങ്ങിയത് മൂന്ന് മാസത്തെയെങ്കിലും വിസാകാലാവധി ഉണ്ടായിരിക്കണമെന്ന് നിഷ്‌കര്‍ശിക്കുന്നത്. ഇതേസമയം ജോലിയിതര പഠന, പരിശീലന ആവശ്യങ്ങള്‍ക്കായി പോവുന്നവര്‍ക്ക് ഒരു മാസത്തെ വിസയില്‍ യാത്ര അനുവദിക്കുന്നതായും ചട്ടം പറയുന്നു.

വിസാകാലാധി തീര്‍ന്നാലും തൊഴിലാളികള്‍ക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങി വരാന്‍ അനുമതി കൊടുത്ത് കൊണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ അടക്കം വിവിധ വിദേശ രാഷ്ട്രങ്ങള്‍ സന്നദ്ധത അറിയിച്ചിരിക്കെയാണ് സ്വന്തം പൗരന്മാരെ അനിശ്ചിതത്വത്തിലാക്കുന്ന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നതെന്ന് ഡല്‍ഹി കെഎംസിസി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹലീം മുഖേന ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

മാര്‍ച്ച് അവസാനം പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണിനെ തുടര്‍ന്ന് അവധിക്കായും മറ്റും നാട്ടില്‍ എത്തി ഇവിടെ തുടരേണ്ടി വന്നവരും കോവിഡ് 19 കാരണമായി പ്രത്യേക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി നാട്ടിലെത്തിയവരുമായ ആയിരക്കണക്കിന് പ്രവാസികള്‍ക്കാണ് ഈ തീരുമാനം തിരിച്ചടിയാകുന്നത്. ഈ വിഷയത്തില്‍ ഡല്‍ഹി കെഎംസിസി നിരവധി നിവേദനങ്ങള്‍ അധികാരികള്‍ക്ക് അയച്ചിട്ടും അനുകൂല നിലപാട് ഇല്ലാത്തത് കാരണമാണ് കോടതിയെ സമീപിക്കുന്നത്. കേസ് ജൂലൈ എട്ടിന് വീണ്ടും പരിഗണിക്കും.