കേന്ദ്ര സര്‍ക്കാറിന്റെ പ്രവാസിദ്രോഹ തീരുമാനത്തിനെതിരെ ഡല്‍ഹി കെഎംസിസി ഹൈക്കോടതിയിലേക്ക്

ന്യൂഡല്‍ഹി: ഗള്‍ഫ് നാടുകളിലും മറ്റു വിദേശ രാജ്യങ്ങളിലുമായി ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്ക് വന്നു പോകുന്നതിന് മൂന്ന് മാസത്തില്‍ കൂടുതല്‍ വിസാ കാലാവധി നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നയത്തിനെതിരെ ഡല്‍ഹി കെ.എം.സി.സി കേരള ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. നിലവില്‍ നാട്ടിലുള്ള ആയിരക്കണക്കിന് പ്രവാസികളുടെ ഭാവിയെ ബാധിക്കുന്ന ഉത്തരവ് സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് കെ.എം.സി.സിയുടെ ഹരജി.

ഡല്‍ഹി കെ.എം.സി.സിക്ക് ജനറല്‍ സെക്രട്ടറി കെ.കെ മുഹമ്മദ് ഹലീം ആണ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് ഇന്ന് പരിഗണിക്കുമെന്നും ഡല്‍ഹി കെ.എം.സി.സിക്ക് വേണ്ടി പ്രസിഡന്റ് കൂടിയായ അഡ്വക്കേറ്റ് ഹാരിസ് ബീരാന്‍ ഹൈകോടതിയില്‍ ഹാജരാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ജൂണ്‍ ഒന്നിന് കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ചട്ടമാണ് വിദേശത്ത് ജോലിക്കായി പോകുന്നവര്‍ക്ക് ചുരുങ്ങിയത് മൂന്ന് മാസത്തെയെങ്കിലും വിസാകാലാവധി ഉണ്ടായിരിക്കണമെന്ന് നിഷ്‌കര്‍ശിക്കുന്നത്. ഇതേ സമയം ജോലിയിതര പഠന, പരിശീലന ആവശ്യങ്ങള്‍ക്കായി പോവുന്നവര്‍ക്ക് ഒരു മാസത്തെ വിസയില്‍ യാത്ര അനുവദിക്കുന്നതായും ചട്ടം പറയുന്നു.

വിസാകാലാധി തീര്‍ന്നാലും തൊഴിലാളികള്‍ക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങി വരാന്‍ അനുമതി കൊടുത്ത് കൊണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ അടക്കം വിവിധ വിദേശ രാഷ്ട്രങ്ങള്‍ സന്നദ്ധത അറിയിച്ചിരിക്കെയാണ് സ്വന്തം പൗരന്മാരെ അനിശ്ചിതത്വത്തിലാക്കുന്ന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്.

മാര്‍ച്ച് അവസാനം പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണിനെ തുടര്‍ന്ന് അവധിക്കായും മറ്റും നാട്ടില്‍ എത്തി ഇവിടെ തുടരേണ്ടി വന്നവരും കോവിഡ് 19 കാരണമായി പ്രത്യേക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി നാട്ടിലെത്തിയവരുമായ ആയിരക്കണക്കിന് പ്രവാസികള്‍ക്കാണ് ഈ തീരുമാനം തിരിച്ചടിയാകുന്നത്.